അബൂദബി: പ്രഫഷനല്‍, അമച്വര്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനാഭ്യാസത്തിലെ മികവു തെളിയിക്കാനുള്ള അവസരമൊരുക്കുന്ന ലിവ ഡ്രിഫ്റ്റ് റേസ് അബൂദബിയിൽ അരങ്ങേറി. വാഹനാഭ്യാസങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ മൊരീബ് ഡ്യൂണ്‍ ട്രാക്കില്‍ വെള്ളിയാഴ്ചയാണ് ലിവ ഡ്രിഫ്റ്റ് റേസിന് തുടക്കമായത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഫഷനല്‍ ഡ്രൈവര്‍മാരെ ഉള്‍ക്കൊള്ളിച്ചുള്ള ലിവ ഡ്രിഫ്റ്റ് പ്രോ, വളര്‍ന്നുവരുന്ന നിപുണരായ ഡ്രൈവര്‍മാര്‍ക്ക് മികച്ച അവസരമൊരുക്കുന്ന അമച്വര്‍ ഡ്രൈവര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായിരുന്നു മത്സരങ്ങള്‍. വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് ആറുമുതലായിരുന്നു മത്സരം.
2025 ജനുവരി നാലിനാണ് ഫെസ്റ്റിവലിന് കൊടിയിറങ്ങുക. മോണ്‍സ്റ്റര്‍ ജാം ചാമ്പ്യന്‍ഷിപ്, കാര്‍ അഭ്യാസ മത്സരങ്ങള്‍, ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം, ഒട്ടക ഓട്ടമത്സരം, ഫാല്കണ്റി, കുതിരയോട്ടം, പ്രാവ് വേട്ട, വെടിവെപ്പ് മത്സരങ്ങള്‍, ലൈവ് സംഗീത നിശകള്‍ തുടങ്ങി ആവേശം പകരുന്ന പരിപാടികളാണ് ഫെസ്റ്റിവലില്‍ അരങ്ങേറുന്നത്. സന്ദര്‍ശകര്‍ക്കായി മരുഭൂമിയില്‍ ആഡംബര ക്യാമ്പിങ് സൗകര്യമടക്കമുള്ളവയും ഒരുക്കിയിട്ടുണ്ട്. പൊതുവായ ഇടങ്ങളില്‍ സ്വന്തമായി ക്യാമ്പ് കെട്ടാനുള്ള സാമഗ്രികള്‍ കൊണ്ടുവന്ന് തമ്പടിക്കാനും അനുമതിയുണ്ട്. സന്ദര്‍ശകര്‍ക്കായി കരകൗശല വസ്തുക്കളുടെ വില്പന ശാലകളും ഇമാറാത്തി ഭക്ഷണം ലഭ്യമാക്കുന്ന ഭോജനശാലകളും സജ്ജമാണ്. മണൽക്കാട്ടിലെ അനേകം വേറിട്ട അനുഭവങ്ങൾ സമ്മാനിക്കുന്നതാണ് ലിവ ഫെസ്റ്റിവൽ. ക്യാമ്പ് ചെയ്യാന്‍ താല്പര്യമുള്ളവര്, സാഹസിക പ്രേമികള്‍, പരമ്പരാഗത കായിക ഇനങ്ങള്‍, റേസിങ്, മോട്ടോർ സൈക്കിള്‍ മത്സരങ്ങള്‍ തുടങ്ങിയവ ഇഷ്ടപ്പെടുന്നവര്‍ക്കും മേള മികച്ച അനുഭവം സമ്മാനിക്കുന്നു. കരിമരുന്ന് പ്രകടനങ്ങള്‍, ലൈവ് സംഗീത പരിപാടികള്‍, മരുഭൂമിയിലെ വ്യത്യസ്തങ്ങളായ വിനോദ പരിപാടികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.