ദുബൈ: ദുബൈയിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നോർക്കയുടെ സഹായത്താൽ നാട്ടിലെത്തിച്ചു. കൊല്ലം പെരിനാട് ചൈത്രത്തിൽ ശ്രീകുമാർ ധനപാലന്‍റെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‍റെ കാർഗോ നിരക്ക് സംസ്ഥാന സർക്കാർ വഹിക്കുന്ന ‘ബോഡി റിപാട്രിയേഷൻ’ പദ്ധതി പ്രകാരമാണ് സഹായം നൽകിയത്. യു.എ.ഇയിൽ നിന്ന് ആദ്യമായാണ് എയർ അറേബ്യ വിമാനത്തിൽ ഈ സംവിധാനം ഉപയോഗപ്പെടുത്തി മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്. നാട്ടിലെത്തിച്ച മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ആംബുലൻസ് സംവിധാനവും നോർക്ക ഒരുക്കി. സാമൂഹിക പ്രവർത്തക കൂട്ടായ്മയായ ഹംപാസിന്‍റെ നേതൃത്വത്തിലാണ് യു.എ.ഇയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
യു.എ.ഇയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‍റെ ചിലവ് വർധിച്ചതായി ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ട നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി ‘ബോഡി റിപാട്രിയേഷൻ’ പദ്ധതി പ്രകാരം മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധമാണെന്ന് അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കരാറിൽ നോർക്ക റൂട്ട്സും വിമാനകമ്പനികളും ഒപ്പുവെച്ചിരുന്നെങ്കിലും ഇതേ കുറിച്ച് അറിവില്ലാത്തതിനാൽ പ്രവാസികൾ ഉപയോഗപ്പെടുത്തിയിരുന്നില്ല. കാർഗോ നിരക്കായ 1600 ദിർഹമാണ് (33000 രൂപ) നോർക്ക വഹിച്ചത്. എംബാമിങ് അടക്കം യു.എ.ഇയിലെ നടപടിക്രമങ്ങൾക്കാവശ്യമായ തുക സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സ്വരൂപിച്ചു.
സന്ദർശക വിസയിലെത്തിയ ശ്രീകുമാറിനെ കഴിഞ്ഞ 15നാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിസ കാലാവധി കഴിഞ്ഞ ശ്രീകുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി തടസങ്ങളുണ്ടായിരുന്നു. 10 ദിവസം കൊണ്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ, നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ചെലവ് വഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് ‘ഗൾഫ് മാധ്യമം’ പ്രിതിനിധികളും ‘ഹംപാസ്’ പ്രതിനിധി നിഷാജ് ഷാഹുൽഹമീദും നോർക്കയെ ബന്ധപ്പെട്ടത്. കാർഗോ നിരക്ക് അനുവദിക്കാൻ തയാറെണന്നറിയിച്ച നോർക്ക അധികൃതർ മണിക്കൂറുകൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയിലെ എയർ അറേബ്യ വിമാനത്തിലാണ് മൃതദേഹം അയച്ചത്. നടപടിക്രമങ്ങൾക്ക് ഹംപാസ് പ്രതിനിധികളായ അലി മുഹമ്മദ്, നിഷാദ്, അമീർ സവാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.