ദുബൈ: മിഡിലീസ്റ്റ് കാർ റാലി ചാമ്പ്യൻഷിപ്പിൽ ലോക ശ്രദ്ധനേടാനൊരുങ്ങി ഇന്ത്യൻ താരങ്ങൾ. സ്റ്റാർ ഡ്രൈവർ സനീം സാനിയും നിരവധി തവണ ദേശീയ കാർ റാലിയിൽ ജേതാവായ നാവിഗേറ്റർ മൂസ ഷെരീഫുമാണ് വിദേശ താരങ്ങളുടെ ആധിപത്യമുള്ള കാർ റാലിയിൽ ശ്രദ്ധേയ സാന്നിധ്യമാകുന്നത്. ഈ മാസം 20ന് നടന്ന യു.എ.ഇ സ്പ്രിന്റ് റാലിയിൽ പങ്കെടുത്ത ഇരുവരും ഫെബ്രുവരി ഒന്നു മുതൽ മൂന്നുവരെ ഖത്തർ ഇന്റർനാഷനൽ റാലിയോടെ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിലും യോഗ്യത നേടിയിട്ടുണ്ട്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ ജോഡിയാണിവർ. കൂടാതെ ജോർഡൻ, സൈപ്രസ്, ഒമാൻ എന്നിവിടങ്ങളിൽ നാല് റൗണ്ടുകൾ കൂടി ഉണ്ടായിരിക്കും. മെർക് 4 വിഭാഗത്തിൽ ഫോർഡ് ഫിയസ്റ്റ റാലി 4 സ്പെക് കാർ ഉപയോഗിച്ചായിരിക്കും ഇവർ കളത്തിലിറങ്ങുന്നത്. 2008ൽ റാലിയിൽ അരങ്ങേറ്റം കുറിച്ച സനീം ഏഴ് തവണ നാഷനൽ റാലി ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ കോ-ഡ്രൈവറും 22 ചാമ്പ്യൻഷിപ്പുകളിൽ ജേതാവുമായ മൂസ ഷരീഫിനൊപ്പം ചേർന്ന് എഫ്.ഡബ്ല്യു.ഡി ക്ലാസിൽ മൂന്ന് യു.എ.ഇ റാലി ചാമ്പ്യൻഷിപ്പുകളിൽ വിജയം നേടിയിട്ടുണ്ട്.തൃശൂർ സ്വദേശിയായ സനീം ഇപ്പോൾ ദുബൈയിലാണ് താമസം. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന മൂന്ന് ദിവസം നീളുന്ന ഖത്തർ ഇന്റർനാഷനൽ റാലിക്ക് 13 ടൈംഡ് സ്പെഷൽ സ്റ്റേജുകൾ ഉൾപ്പെടെ 622.49 കി.മീ ദൈർഘ്യം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.