മലയാളി മുങ്ങൽ വിദഗ്ധനെ ഫുജൈറയിലെ കടലിൽ കാണാതായി

ഫുജൈറ: മലയാളി മുങ്ങൽ വിദഗ്ധനെ ഫുജൈറയില്‍ കടലിൽ കാണാതായി. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെ (34) കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികൾക്കിടയിലാണ് കാണാതായത്. പത്തു വർഷത്തിലധികമായി ഡൈവിങ് രംഗത്ത് ജോലി ചെയ്യുന്ന അനിൽ ഇന്ത്യയിലെ മികച്ച മുങ്ങൽ വിദഗ്ധരിൽ ഒരാളുകൂടിയാണ്. കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ ഉള്ളിൽ കയറി വൃത്തിയാക്കുന്ന ജോലിയിലെ സൂപ്പർവൈസറായിരുന്നു അനിൽ.

അതിസാഹസികമായ അപകടം നിറഞ്ഞ ഈ ജോലിയിൽ വിദഗ്ധരായ ഡൈവർമാർക്കു മാത്രമാണ് അനുമതി ലഭിക്കുക.കൂടെ ജോലിയിലുണ്ടായിരുന്നവർക്ക് പ്രവൃത്തി പരിചയം കുറവായതു കൊണ്ട് ഞായാറാഴ്ച അനിൽ തന്നെയാണ് ജോലിക്കായി കപ്പലിന്റെ ഹള്ളിൽ പ്രവേശിച്ചത്.

നിശ്ചിത സമയം കഴിഞ്ഞിട്ടും അനിൽ മുകളിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കപ്പൽ അധികൃതർ ഫുജൈറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിലെ മുങ്ങൽ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാർഡും ചേർന്ന് തെരിച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ സേവനങ്ങൾ ഉപയോഗിച്ചും കൂടുതല്‍ പ്രദേശത്ത് തെരച്ചിലും രക്ഷാപ്രവർത്തനവും നടക്കുന്നുണ്ട്. ഇതുവരെയായി വിവരം ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ബന്ധപെട്ടവരില്‍ നിന്നും അറിഞ്ഞത്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനിൽ അകപ്പെട്ടതെന്നാണ് ലഭിച്ച വിവരം.കപ്പലിന്‍റെ അടിത്തട്ടില്‍ കുടുങ്ങുക, അകത്തേക്ക് വലിക്കാൻ കഴിവുള്ള യന്ത്രത്തില്‍ പെട്ടുപോകുക എന്നിവയാണ് ഹളിനുള്ളിൽ സംഭവിക്കാവുന്ന അപകടങ്ങൾ. അനിൽ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. അനിലിന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഓക്‌സിജൻ സിലിണ്ടറാണ് ജീവൻ നിലനിർത്താനുള്ള ഏക പ്രതീക്ഷ.ഭാര്യ ടെസിയോടും 4 വയസ്സുകാരി കുഞ്ഞിനുമൊപ്പമാണ് അനിൽ ഫുജൈറയിൽ താമസിക്കുന്നത്.

Tags:    
News Summary - Malayali diver goes missing in Fujairah sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.