ദുബൈ: പുതിയ ബിസിനസ് സാധ്യതകൾ തേടി ആഫ്രിക്കയിലേക്കുപോയ യു.എ.ഇയിലെ മലയാളി സംരംഭകർ തിരിച്ചെത്തി. ദി ബിസ്കൂൾ ഇന്റർനാഷനൽ ദുബൈ ബാച്ചിലെ അംഗങ്ങളാണ് ആഫ്രിക്കൻ രാജ്യങ്ങളായ സാംബിയ, സിംബാബ്വെ, ബൊട്സ്വാന എന്നിവ സന്ദർശിച്ചത്.
ഓരോ രാജ്യങ്ങളിലെയും സർക്കാർ പ്രതിനിധികളും ആഫ്രിക്കയിലെ തെക്കൻ മേഖലയിലെ പ്രമുഖരായ ചോപ്പീസ് ഗ്രൂപ്പിന്റെ സി.ഇ.ഒ രാമചന്ദ്രൻ ഒട്ടപ്പത്ത്, സഹദേവൻ, ഇമ്മാനുവൽ തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു.
ആഫ്രിക്കൻ ബിസിനസിലെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനായി സാംബിയ ഡെവലപ്മെന്റ് അതോറിറ്റിയുമായി നടന്ന ചർച്ചയിൽ വാണിജ്യ മന്ത്രി ചിപോക മുലെംഗ, ടൂറിസം മന്ത്രി റൊട്നീ സികുമ്പ, ബൊട്സ്വാനയിലെ ഗാബറോണിൽ നടന്ന ചർച്ചയിൽ സംരംഭക വകുപ്പ് മന്ത്രി കാരബോ ഗാരെ, വ്യവസായ മന്ത്രി മ്മുസി ഗഫെല, ബൊട്സ്വാനയിലെ ഇന്ത്യൻ ഹൈകമീഷണര്‍ ഭരത് കുമാർ കുത്താട്ടി, ബിസിനസ് ബൊട്സ്വാന പ്രസിഡന്റ് ഗോബുസമംഗ് കീബിനെ എന്നിവരും വാണിജ്യ പ്രമുഖരും സംബന്ധിച്ചു.
ലോകാത്ഭുതങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടവും ലോകത്തിലെ ഏറ്റവും വലിയ നാഷനൽ പാർക്കുകളിലൊന്നായ ചോബി നാഷനൽ പാർക്ക് തുടങ്ങി ആഫ്രിക്കയിലെ പ്രധാന വിനോദ കേന്ദ്രങ്ങളും സംഘം സന്ദർശിച്ചു. വിനോദത്തോടൊപ്പം കച്ചവടവും അറിവുകളും ഉൾപ്പെടുത്തിയുള്ള യാത്ര വ്യത്യസ്ത അനുഭവമായി മാറിയെന്ന് ഗ്രൂപ് പുതുതായി രൂപവത്കരിച്ച കൺസോർട്യം ചെയർമാനും ഫോറം ഗ്രൂപ്പിന്റെ എം.ഡിയുമായ ടി.വി. സിദ്ദീഖ് അഭിപ്രായപ്പെട്ടു.
കൺസോർട്യം സി.ഇ.ഒയും നെല്ലറ ഗ്രൂപ്പിന്റെ എം.ഡി കൂടിയായ ശംസുദ്ദീൻ നെല്ലറ, ബിസ്കൂൾ അക്കാദമിക് ഡീൻ ഫൈസൽ പി. സെയ്ദ്, ഡയറക്ടർമാരായ ശിഹാബുദ്ദീൻ പന്തക്കൻ, ജാഫർ മാനു എന്നിവരും യാത്രക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.