റാസല്‍ഖൈമ: തൊഴിൽ തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് മലയാളി യുവതി. കോഴിക്കോട് സ്വദേശിനിക്കാണ് സാമൂഹിക പ്രവർത്തകരുടെ അവസരോചിത ഇടപെടൽ രക്ഷയായത്. 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് യുവതിയെ തട്ടിപ്പ് സംഘം യു.എ.ഇയിലെത്തിക്കുകയായിരുന്നു. ഒരു അബായ കടയിൽ ജോലി നൽകുമെന്നായിരുന്നു വാഗ്ദാനം. ഒരാഴ്ച മുമ്പാണ് യുവതി സന്ദർശക വിസയിൽ റാസൽ ഖൈമയിൽ എത്തുന്നത്.
എന്നാല്‍, തന്റെ താമസസ്ഥലത്തെ അന്തരീക്ഷവും പലരും വന്നുപോകുന്നതും ശ്രദ്ധയില്‍പെട്ട യുവതിക്ക് പന്തികേട് തോന്നി. തനിക്ക് വിസ നല്‍കിയയാളുടെ സ്ത്രീ ജീവനക്കാരി ജോലിയുടെ സ്വഭാവം കൂടി പങ്കുവെച്ചതോടെ പരിഭ്രാന്തി കൂടി. തനിക്ക് അബായ കടയില്‍ പറഞ്ഞ ജോലി മതിയെന്നും മറ്റൊന്നിനും തന്നെ കിട്ടില്ലെന്ന മറുപടിയും നല്കി. എന്നാല്‍,
1,600 ദിര്‍ഹം നല്കിയാല് നാട്ടിലേക്ക് തിരികെ അയക്കുന്നത് ആലോചിക്കാമെന്ന മറുപടിയാണ് സ്ത്രീയില്‍ നിന്ന് ലഭിച്ചതെന്ന് യുവതി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജീവിതം കൈവിട്ട് പോവുകയാണെന്ന തോന്നലില്‍ നാട്ടില്‍ ബന്ധുവിനെ വിവരമറിയിച്ചു. അദ്ദേഹം അല്‍ഐനിലുള്ള സുഹൃത്തിനെ അറിയിക്കുകയും സുഹൃത്ത് ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകനായ ആർ.ജെ. ഫസ്ലുവിനെ ബന്ധപ്പെടുകയുമായിരുന്നു.
ഫസ്ലു റാക് ഇന്ത്യന്‍ അസോസിയേഷനിലെ നാസര്‍ അല്മഹയുമായി ബന്ധപ്പെട്ടതാണ് തനിക്ക് തുണയായതെന്ന് യുവതി വ്യക്തമാക്കി. സാമൂഹിക പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് താമസ സ്ഥലത്തുനിന്ന് അടുത്തുള്ള ഷോപ്പിങ് മാളിലെത്തിപ്പെടാന് കഴിഞ്ഞത് രക്ഷപ്പെടല്‍ എളുപ്പമാക്കി. അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീമിന്റെ സഹകരണത്തോടെ വിഷയം അധികൃതരെ ധരിപ്പിച്ചതായും യുവതിയെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായും നാസര്‍ അല്‍മഹ അറിയിച്ചു. ചതിക്കുഴിയില്‍ നിന്ന് തനിക്ക് സഹായ ഹസ്തം നല്കിയ ഫസ് ലു, നാസര്‍ അല്‍മഹ, ലത്തീഫ് ചെറുതുരുത്തി, നവാസ് കണിയാപുരം, റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം തുടങ്ങിയവര്‍ക്ക് യുവതി നന്ദി അറിയിച്ചു.
ഇനിയും തൊഴില്‍ തട്ടിപ്പ് മാഫിയകളിലകപ്പെടാതെ മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീം അഭ്യര്‍ഥിച്ചു. തൊഴില്‍ വാഗ്ദാനം ലഭിക്കുമ്പോള്‍ ജോലി ചെയ്യാന്‍ പോകുന്ന സ്ഥാപനത്തിന്റെ വിവരം ശേഖരിക്കുന്നത് ചതികളില്പ്പെടാതിരിക്കാന് സഹായിക്കുമെന്നും സലീം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.