ഷാർജ: ആകാശ വിസ്മയങ്ങളിലൊന്നായ ഉൽക്കവർഷം വീക്ഷിക്കാൻ സംവിധാനമൊരുക്കി മലീഹ ആർക്കിയോളജിക്കൽ സെന്റർ. ആഗസ്റ്റ് 12നാണ് നക്ഷത്ര നിരീക്ഷകർക്ക് അവിസ്മരണീയമായ ദിനം സമ്മാനിക്കാനായി പ്രത്യേക സംവിധാനങ്ങളുടെ അകമ്പടിയോടെ സെന്റർ പരിപാടി ഒരുക്കുന്നത്. സെന്ററിന്റെ കാമ്പ് സൈറ്റിലാണ് ആകാശ നിരീക്ഷണത്തിന് മാത്രമായി ചടങ്ങൊരുങ്ങുന്നത്.
ഈ വർഷത്തെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഉൽക്കവർഷം പ്രതീക്ഷിക്കുന്ന ദിവസത്തിലാണ് പരിപാടി ഒരുക്കുന്നത്. ഇതോടൊപ്പം പ്രത്യേകമായ വിദ്യാഭ്യാസ പരിപാടികളും നക്ഷത്ര നിരീക്ഷണവും പരമ്പരാഗത പ്രദേശിക ചടങ്ങുകളും അരങ്ങേറും. അതിവേഗതയിൽ തിളക്കമുള്ള ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന കാഴ്ച കാണാനാണ് പരിപാടി വേദിയൊരുക്കുന്നത്. മണിക്കൂറിൽ 50 മുതൽ 100 വരെ ഉൽക്കകൾ കാണാനാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
വൈകുന്നേരം 6.00 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ആകാശത്തിന് കീഴിൽ രാത്രി തങ്ങാനുള്ള സജ്ജീകരണവും ഒരുക്കുന്നുണ്ട്. എല്ലാ പ്രായത്തിലുമുള്ളവർക്കും കുടുംബങ്ങൾക്കും പങ്കെടുക്കാവുന്ന പരിപാടിയിൽ സ്വാദിഷ്ടമായ ഭക്ഷണവും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡിസ്കവർ ശുറൂഖിന്റെ വെബ്സൈറ്റ് വഴി ബുക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.