മുഹമ്മദ്​ കുട്ടി

ഹൃദയം നുറുങ്ങുന്ന വേദനയിൽ മമ്മു

അബൂദബി: 'ഈ ലോകത്ത്​ വേറെ ഏതൊരു വ്യക്തി മരണപ്പെട്ടാലും എനിക്ക്​ ഇത്രയേറെ ദുഃഖമുണ്ടാവില്ല, എന്‍റെ ഉപ്പ മരിച്ചാൽ പോലും'-മുഹമ്മദ്​ കുട്ടി എന്ന മമ്മുവിന്​ വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയുന്നില്ല. ശൈഖ്​ ഖലീഫയെ കുറിച്ച്​ പറയുമ്പോൾ മമ്മുവിന്‍റെ കണ്ണ്​ നിറയും, കണ്ഠമിടറും. അര നൂറ്റാണ്ടായി അദ്ദേഹത്തിന്‍റെ നിഴലായി നടന്നയാളാണ്​ തൃശൂർ തൊഴിയൂർ സ്വദേശി മുഹമ്മദ്​ കുട്ടി. ഇതിൽ പകുതി കാലവും അദ്ദേഹത്തിന്‍റെ പേഴ്​സനൽ അസിസ്റ്റന്‍റായിരുന്നു. 12 വർഷം മുമ്പ്​ യു.എ.ഇ പൗരത്വം നൽകിയാണ്​ ശൈഖ്​ ഖലീഫ സ്​നേഹം തിരിച്ചുനൽകിയത്​. സ്വിറ്റ്​സർലൻഡ്,​ പാകിസ്താൻ, ലണ്ടൻ, കസാഖ്സ്താൻ, തുർക്​മെനിസ്താൻ... അങ്ങനെ എത്രയെത്ര രാജ്യങ്ങൾ ശൈഖ്​ ഖലീഫയോടൊപ്പം സഞ്ചരിച്ചിരിക്കുന്നു.

1972ലാണ്​ മുഹമ്മദ്​ കുട്ടി യു.എ.ഇയിൽ എത്തുന്നത്​. നാട്ടുരാജ്യങ്ങളായി കിടന്ന എമിറേറ്റുകൾ ഒരു കുടക്കീഴിൽ അണിനിരന്ന കാലമായിരുന്നു അത്​. രണ്ട്​ വർഷത്തിനു​ ശേഷം അദ്ദേഹം അബൂദബി പാലസിലെത്തി. അന്ന്​ തൊട്ട്​ ഇന്നുവരെ മുഹമ്മദ്​ കുട്ടിയുടെ ജീവിതമെന്നാൽ ഈ കൊട്ടാരമാണ്​. 600ഓളം മലയാളികൾ ശൈഖ്​ ഖലീഫയുടെ ഡിപ്പാർട്​മെന്‍റിൽ ജോലി ചെയ്യുന്നുണ്ട്​. ഇന്ത്യക്കാരോട്​ ഏറെ സ്​നേഹവും അടുപ്പവുമുള്ള മനുഷ്യനായിരുന്നു ശൈഖ്​ ഖലീഫയെന്നാണ്​ മമ്മുവിന്‍റെ അനുഭവം. 'തെറ്റുകൾ വന്നാൽ അദ്ദേഹം ക്ഷമിക്കും. ശ്രദ്ധിക്കണം എന്ന്​ മാത്രമെ പറയൂ. ഇതുവരെ ശകാരിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന സമയത്താണ്​ കശ്മീരിലും രാജസ്ഥാനിലും പോയത്​. നമ്മുടെ നാടിന്​ കൂടിയാണ്​ ഈ നഷ്ടം'-മുഹമ്മദ്​ കുട്ടി പറയുന്നു.

മുഹമ്മദിന്‍റെ മക്കളുടെ പഠനത്തിനും കുടുംബത്തിന്‍റെ ആവശ്യങ്ങളിലുമെല്ലാം ശൈഖ്​ ഖലീഫ തുണയായുണ്ടായിരുന്നു. മുഹമ്മദ്​ എന്ന്​ വിളിക്കാൻ ഹിസ്​ ഹൈനസ്​ ഇല്ലെന്ന യാഥാർഥ്യത്തോ​ട്​ മുഹമ്മദിന്​ ഇതു​വരെ പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - Mammu in heartbreaking pain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.