ദുബൈ: പാക്കിസ്താെൻറ പ്രധാനമന്ത്രിയായി ക്രിക്കറ്റ് ഇതിഹാസം ഇമ്രാൻ ഖാൻ പുതിയ ഇന്നിങ്സ് തുടങ്ങാൻ ഒരുങ്ങവെ ദുബൈ പ്രവാസിയായ മനാഫ് എടവനക്കാടിന് ആനന്ദം.2006 ലെ ഇന്ത്യ^പാക്കിസ്താൻ ക്രിക്കറ്റ് പരമ്പരയുടെ സംപ്രേക്ഷണ അവകാശം മനാഫ് ബ്രോഡ്കാസ്റ്റിങ്ങ് തലവനായിരുന്ന ടെൻ സ്പോർട്സ് ചാനലിനായിരുന്നു. ക്രിക്കറ്റ് കളിയുടെ വിശകലനത്തിനായി ഇമ്രാൻ ഖാൻ ഒരു മാസത്തോളം ദുബൈ സ്റ്റുഡിയോവിലുണ്ടായിരുന്നപ്പോൾ അദ്ദേഹം പ്രസരിപ്പിച്ച സൗഹൃദത്തിെൻറ ഉൗർജം വ്യാഴവട്ടത്തിനിപ്പുറവും മനാഫ് ഓർക്കുന്നു. ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കറും ഇംഗ്ലണ്ട് താരം നാസർ ഹുസൈനുമായിരുന്നു മറ്റു രണ്ട് വിശകലന വിദഗ്ദർ.
സ്റ്റുഡിയോയിലെ വിവിധ രാജ്യക്കാരായ തൊഴിലാളികളോട് ഏറ്റവും മാന്യതയോടെ മാത്രം പെരുമാറിയ ഇമ്രാൻ നിരവധി കായിക താരങ്ങളെ സ്വീകരിച്ചിട്ടുള്ള ഞങ്ങൾക്ക് വ്യത്യസ്ത അനുഭവമായിരുന്നുവെന്ന് മനാഫ് പറയുന്നു. ഇമ്രാൻ ഖാെൻറ പെരുമാറ്റ രീതിയിലെല്ലാം പ്രൊഫഷണലിസമുണ്ടായിരുന്നു. പാക്കിസ്ഥാനിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ, അഴിമതി, ക്രമസമാധാനം തുടങ്ങിയവയെ കുറിച്ചെല്ലാം ആശങ്കപ്പെട്ട അദ്ദേഹം ഇന്ത്യ-പാക് പ്രശ്നങ്ങളെ കുറിച്ചു പരാമർശിച്ചതേയില്ല. എന്നാൽ സന്തോഷകരമായ ഇന്ത്യൻ അനുഭവങ്ങളും സൗഹൃദങ്ങളും മറ്റും പങ്കുവെക്കുന്നതിൽ പിശുക്കു കാണിച്ചതുമില്ല. വിദ്യാഭ്യാസമുള്ള തലമുറ വരുമ്പോൾ പാക് രാഷ്ട്രീയം മാറുമെന്ന പ്രത്യാശയവും അദ്ദേഹം പുലർത്തിയിരുന്നു.
സ്റ്റുഡിയോവിലെ ഒരു മാസത്തെ സഹവാസ ശേഷം ഒരിക്കൽ കൂടി മനാഫ് ഇമ്രാൻ ഖാനെ കണ്ടുമുട്ടി. ദുബൈ വിമാനത്താവളത്തിൽ ലണ്ടനിലേക്ക് വിമാനം കാത്തിരിക്കുന്ന ഇമ്രാൻ യാതൊരു ഈഗൊയും കാണിക്കാതെ ഏറെ ഹൃദ്യമായാണ് ഇടപഴകിയത്. കലുഷിതമായ പാക് രാഷ്ട്രീയത്തിലേക്കിറങ്ങിയ ശേഷം ബന്ധം സജീവമാക്കാൻ തടസ്സങ്ങളുണ്ടായെങ്കിലും ഇടവേളകളിൽ ഇരുവരും ആശംസകൾ കൈമാറി. 1992ൽ പാക്കിസ്താന് ലോകകപ്പ് ക്രിക്കറ്റ് നേടികൊടുത്ത ഈ ആൾ റൗണ്ടറുടെ ക്യാപ്റ്റൻസി ഇന്ത്യ^പാക് സൗഹൃദത്തിന് വഴി തുറക്കുമെന്നും മനാഫ് ആശിക്കുന്നു. ദൂരദർശനിലും ഇന്ത്യാവിഷനിലും ജോലി ചെയ്തിട്ടുള്ള മനാഫ് എറണാകുളം എടവനക്കാട് സ്വദേശിയാണ്. ജി.സി.സിയിലെ പ്രമുഖ ടെലിവിഷൻ ചാനലുകളുടെ കൺസൾട്ടൻറാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.