ദുബൈ: ഈവർഷം പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കാൻ മീഡിയവൺ സംഘടിപ്പിക്കുന്ന ‘മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്’ പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. വേനലവധിയും ഓണാഘോഷവും പൂർത്തിയാക്കി കഴിഞ്ഞദിവസം മാത്രമാണ് വിദ്യാർഥികളും രക്ഷിതാക്കളും യു.എ.ഇയിൽ മടങ്ങിയെത്തിയത്. ഇവരുടെ അഭ്യർഥന മാനിച്ചാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം നീട്ടിയതെന്ന് മീഡിയവൺ അധികൃതർ അറിയിച്ചു. യു.എ.ഇയിലെ സ്കൂളുകളിൽനിന്ന് വിജയിച്ച വിദ്യാർഥികൾ പലരും നാട്ടിലാണ്. ഇവർക്ക് വേണ്ടി രക്ഷിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാനും പുരസ്കാരം സ്വീകരിക്കാനും സൗകര്യമൊരുക്കും. അബൂദബി, ദുബൈ, അജ്മാൻ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പ്രൗഢമായ ചടങ്ങിലാണ് വിദ്യാർഥികളെ ആദരിക്കുക. സെപ്റ്റംബർ പത്തിന് അബൂദബി യൂനിവേഴ്സിറ്റിയിലും സെപ്റ്റംബർ 17ന് ദുബൈ ഡീ മോണ്ട്ഫോർട്ട് യൂനിവേഴ്സിറ്റിയിലും സെപ്റ്റംബർ 29ന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിലുമാണ് പുരസ്കാര വിതരണ ചടങ്ങ്. യു.എ.ഇയിലെ സ്കൂളുകളിൽനിന്ന് ഈവർഷം പത്താം ക്ലാസ് പ്ലസ്ടു പരീക്ഷകളിൽ 90 ശതമാനം മാർക്കിൽ കൂടുതൽ നേടിയവർക്കും മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയവർക്കും അപേക്ഷിക്കാം. സി.ബി.എസ്.ഇ, കേരള, ഐ.സി.എസ്.ഇ സിലബസുകളിൽ പഠിച്ചവർക്കാണ് പുരസ്കാരം നൽകുന്നത്. mabrook.mediaoneonline.com എന്ന വെബ്സൈറ്റ് മുഖേനയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.