ദുബൈ: റമദാൻ എല്ലാവർക്കും ഗൃഹാതുര സ്മരണകളുടേത് കൂടിയാണ്. നോമ്പുതുറക്കാനായി വീട്ടിലേക്ക് എത്താൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വീട്ടിലേക്കൊന്ന് വിളിക്കാൻ തോന്നാറുണ്ടോ? ദുബൈ മെട്രോയിലെ യാത്രക്കാർക്ക് തികച്ചും സൗജന്യമായി ആ ആഗ്രഹം സഫലീകരിക്കാം. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) സൗജന്യ അന്താരാഷ്ട്ര ഫോൺകാളിന് മെട്രോ സ്റ്റേഷനുകളിൽ സൗകര്യമൊരുക്കിയിട്ടുള്ളത്. റമദാനിൽ ആർ.ടി.എ ഒരുക്കുന്ന ‘ഞങ്ങൾ നിങ്ങളെ അടുപ്പിക്കുന്നു’ എന്ന തലക്കെട്ടിലാണ് ഇത്തരമൊരു വ്യത്യസ്ത പദ്ധതി ആരംഭിച്ചിട്ടുള്ളത്.
ദുബൈ മെട്രോയുടെയും ട്രാമിന്റെയും ഓപറേറ്റർമാരായ ‘കിയോലിസു’മായി സഹകരിച്ചാണ് നാല് സ്റ്റേഷനുകളിൽ ഫോൺ ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളത്. അൽ ഗുബൈബ, യൂനിയൻ, ജബൽ അലി തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലാണ് സൗകര്യമുള്ളത്. ലക്ഷക്കണക്കിന് പ്രവാസികൾ കുടുംബത്തിൽനിന്ന് അകന്നുജീവിക്കുന്ന നഗരമെന്ന നിലയിൽ, ദുബൈയിലെ താമസക്കാരുടെ കുടുംബ, സൗഹൃദ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു സംവിധാനമൊരുക്കിയിട്ടുള്ളത്.
‘നന്മയുടെ സഞ്ചാരം’ എന്ന തലക്കെട്ടിൽ നിരവധി സംരംഭങ്ങൾ റമദാനിൽ ആർ.ടി.എ രൂപപ്പെടുത്തിയിട്ടുണ്ട്. ആർ.ടി.എ, ‘കിയോലിസ്’ എന്നിവയിലെ സന്നദ്ധ പ്രവർത്തകരുമായി സഹകരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. സമൂഹമായി കൂടുതൽ ഇടപഴകലും ടീം വർക്കും ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് സംരംഭങ്ങൾ നടപ്പിലാക്കുന്നത്. ആർ.ടി.എയുടെ ജീവനക്കാർ, ബസ്, ഡെലിവറി ബൈക്ക് യാത്രക്കാർ, ട്രക്ക് ഡ്രൈവർമാർ, തൊഴിലാളികൾ, അബ്ര റൈഡർമാർ എന്നിവരടക്കമുള്ളവരെ ലക്ഷ്യമിട്ട് ഇഫ്താർ കിറ്റുകളുടെ വിതരണവും നടത്തുന്നുണ്ട്. ബൈത്ത് അൽ ഖൈർ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ റമദാൻ ടെൻറ് പദ്ധതിയും ആർ.ടി.എ നടപ്പിലാക്കുന്നുണ്ട്. ടെന്റ് സജ്ജീകരിച്ച് നോമ്പുകാർക്ക് 2,000 ഇഫ്താർ ഭക്ഷണം നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.