ദുബൈ: കോവിഡ് ലോകരാജ്യങ്ങളെ വരിഞ്ഞുമുറുക്കുമ്പോൾ, നെഞ്ചിൽ കത്തിയാളുന്ന തീയണക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു റംല എന്ന വയനാട്ടുകാരി. നാട്ടിൽ ഏകമകനും മാതാപിതാക്കളും മാത്രം. വീടിനു പുറത്തിറങ്ങാനാവാത്ത കാലത്ത് അവർക്ക് വെച്ചുകഴിക്കാൻ വല്ലതും കിട്ടുന്നുണ്ടോ എന്ന ആധി.
എങ്ങനെയെങ്കിലും നാടണയാനാകുമോ എന്ന അന്വേഷണം. കരഞ്ഞും കാലുപിടിച്ചും പലരോടും കെഞ്ചിയ നാളുകൾ. എല്ലാ ശരിയാകുമെന്ന ആശ്വാസവാക്കുകൾക്ക് പരിഹരിക്കാൻ കഴിയുന്നതായിരുന്നില്ല, ഒരു കുടുംബത്തിെൻറ അത്താണിയായ ഇൗ സ്ത്രീയുടെ ഉള്ളിലെ നിലവിളി. പടച്ചതമ്പുരാനോട് കരളുരുകി പ്രാർഥിച്ചതിനെല്ലാം ഫലമുണ്ടായതിലെ സന്തോഷത്തിലാണ് ഇന്ന് റംല.
നാടിനും കുടുംബത്തിനുമായി നല്ലൊരു ജീവിതം സമർപ്പിച്ചുകഴിഞ്ഞിട്ടും പ്രവാസലോകത്ത് കുരുങ്ങിപ്പോയവരെ, നാട്ടിലെത്തിക്കാൻ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് നടത്തുന്ന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ദൗത്യം റംലക്ക് നാടിലെത്താനുള്ള വഴി തുറന്നുകൊടുത്തിരിക്കുന്നു. ‘‘നിങ്ങളെല്ലാം എെൻറ പ്രാർഥനകളിലുണ്ടാവും. ഇപ്പോൾ മാത്രമല്ല, ജീവനുള്ള കാലത്തോളം’’-നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ കണ്ണീരിൽ മുങ്ങിയ വാക്കുകളിൽ റംലയുടെ ആദ്യ മറുപടി ഇങ്ങനെയായിരുന്നു. കാണുന്നവരോടെല്ലാം ഞാൻ പറഞ്ഞു, പലരെയും ഫോണിൽ വിളിച്ച് കരഞ്ഞു. എന്നും എംബസിയിൽ വിളിക്കും. ഫോൺ കിട്ടാതാകുമ്പോൾ മെയിൽ അയക്കും. മുട്ടാത്ത വാതിലുകളില്ല. വയനാട്ടിലെ എം.പിയായ രാഹുൽ ഗാന്ധിക്ക് വരെ ഞാൻ മെയിൽ അയച്ചു -പിന്നിട്ട രണ്ടു മാസത്തെ യാതനകളും വേദനകളും റംല ഇങ്ങനെ പറഞ്ഞുവെക്കുന്നു. ഗൾഫ് മാധ്യമവും മീഡിയവണും അതുപോലെ നല്ലമനസ്സുള്ള കുറെ ആൾക്കാരുമാണ് ഇതിന് പിന്നിലെന്ന് മാത്രമേ എനിക്കറിയൂ. എന്തായാലും ഇവരെയെല്ലാം പടച്ചവനാണ് എന്നിലെത്തിച്ചത്. ഇനിയും എെൻറ പ്രാർഥനകളിലെല്ലാം നിങ്ങളെല്ലാവരുമുണ്ടാകും -നാടണയാനുള്ള ഒരുക്കം നടത്തുന്നതിനിടെ കണ്ണീർ തുടച്ച് റംല പറഞ്ഞവസാനിപ്പിച്ചു.
അതിജീവിക്കുമ്പോഴും അധികരിക്കുന്ന ദുരിതമായിരുന്നു വയനാട്ടുകാരി റംലക്ക് ജീവിതം. ജീവിതത്തിൽ ഒപ്പമുണ്ടാകുമെന്ന് കരുതിയ ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ഏക മകനെയും മാതാപിതാക്കളെയും സംരക്ഷിക്കുകയെന്ന വലിയ ദൗത്യമായി മാറി പിന്നീട് ഇൗ സ്ത്രീയുടെ ജീവിതം. അറിയാവുന്ന ജോലികൾ ചെയ്തും ആയുർവേദ നഴ്സിെൻറ വേഷമണിഞ്ഞും ജീവിതത്തോട് പടവെട്ടി ജയിക്കാനുള്ള പോരാട്ടത്തിൽ തന്നെയായിരുന്നു റംല. മിടുക്കനായി പഠിക്കുന്ന മകനിലൂടെ തനിക്ക് ഭാവിയിൽ വിശ്രമിക്കാമെന്ന കണക്കുകൂട്ടലിൽ, ഒരു നിമിഷംപോലും പാഴാക്കാതെയുള്ള അധ്വാനത്തിെൻറ നാളുകൾ. ഇതിനിടയിലാണ് ബംഗളൂരുവിൽ ചികിത്സക്കെത്തിയ ഒരു അറബ് കുടുംബത്തിലേക്ക് നഴ്സിെൻറ സേവനം വേണമെന്നറിയുന്നത്. കുറഞ്ഞ മാസത്തേക്ക് മാത്രം മതിയെന്ന് കേട്ടതോടെ, അൽപമെങ്കിലും സമ്പാദിക്കാലോ എന്ന കണക്കുകൂട്ടലിലാണ് മൂന്നുമാസം മുമ്പ് യു.എ.ഇയിലേക്ക് എത്തുന്നത്. അബൂദബിയിലെ അറബിവീട്ടിലെ പരിചരണം രണ്ടു മാസംകൊണ്ടു കഴിഞ്ഞു. സന്തോഷത്തോടെ നാട്ടിലേക്ക് തിരിക്കാനുള്ള ശ്രമത്തിനിടെയാണ് ലോക്ഡൗൺ വന്നത്. വിമാനങ്ങളെല്ലാം നിലച്ചതോടെ കടലിെൻറ ഇരുകരകളിലായി റംലയും കുടുംബവും.
പരസ്പരം കണ്ണീർവാർക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലും. റംലയുടെ ദുരിതം കണ്ട് ബന്ധുക്കളിലൊരാൾ അജ്മാനിലെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെനിന്നാണ് നാടണയാനുള്ള ശ്രമങ്ങളെല്ലാം നടത്തിയത്. ആശങ്കകൾക്കെല്ലാം അറുതിയായതിെൻറ ആശ്വാസത്തിലാണ് ഇന്ന് റംല. ഒപ്പം വീടണയാൻ അവസരമൊത്തതിലുള്ള ആഹ്ലാദത്തിലും. പ്ലസ് ടുവിന് പഠിക്കുകയാണ് മകൻ. നന്നായി പഠിക്കുന്ന അവനെ ഉയരങ്ങളിലെത്തിക്കണം. പ്രായമായ മാതാപിതാക്കളെ അധ്വാനിച്ച് പൊന്നുപോലെ നോക്കണം. ഇത്രമാത്രമേയുള്ളൂ ഇൗ വയനാട്ടുകാരിയുടെ സ്വപ്നങ്ങൾ. 23ന് വൈകീട്ട് 3.30ന് അബൂദബിയിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിൽ റംല യാത്രതിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.