ദുബൈ: യു.എ.ഇയിലെ കൊടുംചൂടിൽ നിന്ന് കേരളത്തിലെ പെരുമഴയിലേക്ക് നനഞ്ഞിറങ്ങാൻ ആഗ്രഹിച്ചവരായിരുന്നില്ല അവർ. ഉരുകിയൊലിക്കുന്ന ചൂടുകാലത്തും പ്രതീക്ഷയുടെ പച്ചപ്പ് തേടി ക്ഷമയോടെ പിടിച്ചുനിന്നവരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. ഇനിയുമൊരു പരീക്ഷണത്തിന് മുതിരേണ്ടതില്ലെന്ന തിരിച്ചറിവിൽ മനസ്സില്ലാ മനസ്സോടെയാണെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കൊതിച്ച ഒരു സംഘം കൂടി മിഷൻ വിങ്സ് ഓഫ് കംപാഷെൻറ കരുതലിൽ നാടണഞ്ഞു. എല്ലാമൊന്നു കലങ്ങിത്തെളിഞ്ഞാൽ തിരികെ വരുമെന്ന പ്രത്യാശയും സൗജന്യ യാത്രയൊരുക്കിയവർക്കുള്ള നന്ദിയും രേഖപ്പെടുത്തിയാണ് അവർ യാത്ര പറഞ്ഞത്. 'ഗൾഫ് മാധ്യമം-മീഡിയവൺ' സംഘത്തിെൻറ സൗജന്യ വിമാന ദൗത്യത്തിലെ കണ്ണികളായി ദുബൈയിൽനിന്ന് പുറപ്പെട്ട രണ്ട് സംഘങ്ങളും ചൊവ്വാഴ്ച ജന്മനാട്ടിലെത്തി. ൈഫ്ല ദുബൈയുടെ രണ്ട് വിമാനങ്ങളിലാണ് മിഷൻ യാത്രക്കാരെയും ഉൾപ്പെടുത്തിയിരുന്നത്. രാവിലെ ഒമ്പതിന് പുറപ്പെട്ട ആദ്യ വിമാനം ഉച്ചക്ക് 2.30ന് കണ്ണൂരിൽ ഇറങ്ങി. ഉച്ചക്ക് 12.30ന് പുറപ്പെട്ട രണ്ടാമത്തെ വിമാനം വൈകീട്ട് 6.10ന് നെടുമ്പാശ്ശേരിയിലും എത്തി.
യാത്രക്കാർക്ക് മിഷൻ ടീമിെൻറ പി.പി.ഇ കിറ്റും നൽകിയിരുന്നു. യു.എ.ഇയിൽ നിന്നുള്ള സൗജന്യ വിമാന സർവിസുകളെല്ലാം നിലച്ച അവസ്ഥയിലാണ് മിഷൻ വിങ്സ് ഓഫ് കംപാഷെൻറ രണ്ടാം ഘട്ടം തുടങ്ങിയത്. എത്രയും പെട്ടെന്ന് നാടണഞ്ഞില്ലെങ്കിൽ വിസ പിഴ അടക്കേണ്ടി വരുമെന്ന അവസ്ഥയിൽ കഴിഞ്ഞവർക്കുള്ള കൈത്താങ്ങായിരുന്നു രണ്ടാം ഘട്ടം. ഈ ഘട്ടത്തിൽ മാത്രം നൂറുകണക്കിനാളുകളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞു. വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്ന് ആയിരത്തോളം പേർ മിഷെൻറ കരുതലിൽ നാട്ടിലെത്തിയിട്ടുണ്ട്. സഹൃദയരായ വ്യവസായികളുടെയും വിദ്യാർഥികളുടെയും വായനക്കാരുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും സംഭാവനകൾ ചേർത്തുവെച്ചാണ് ആശ്വാസ വിമാനങ്ങൾ ഒരുക്കിയത്. ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ 2ൽ നിന്ന് പുറപ്പെട്ടവരെ യാത്രയാക്കാൻ ഗൾഫ് മാധ്യമം-മീഡിയവൺ ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം ഒലയാട്ട്, സെക്രട്ടറി നിസാർ ഇബ്രാഹിം, മീഡിയവൺ മിഡിൽ ഇൗസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ. നാസർ എന്നിവർ എത്തിയിരുന്നു. ടിക്കറ്റ് നടപടികൾ വേഗത്തിലാക്കാൻ സ്മാർട്ട് ട്രാവൽസ് എം.ഡി അഫി അഹ്മദിെൻറ സഹകരണവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.