ദുബൈ: ഒരുദിനം കഴിഞ്ഞാൽ വിസ പിഴയുടെ പിടിവീഴുമെന്ന ആശങ്കയിൽ കഴിഞ്ഞ ഒരു സംഘത്തെ കൂടി നാട്ടിലെത്തിച്ച് മാധ്യമം-മീഡിയ വൺ മിഷൻ വിങ്സ് ഓഫ് കംപാഷൻ. ജോലി നഷ്ടമായിട്ടും ദുരിതത്തിലായിട്ടും പ്രതീക്ഷ കൈവിടാതെ അവസാന നിമിഷം വരെ പിടിച്ചുനിന്ന യുവസംഘമാണ് മിഷെൻറ കാരുണ്യത്താൽ ഞായറാഴ്ച നാടണഞ്ഞത്.
രണ്ട് ദിവസം മുമ്പ് ദുരന്തത്താൽ വിറങ്ങലിച്ചുനിന്ന കരിപ്പൂർ വിമാനത്താവളത്തിലേക്ക് ഞായറാഴ്ച വൈകീട്ട് ആശ്വാസ വിമാനം പറന്നിറങ്ങി. പിഴയൊടുക്കാനും ടിക്കറ്റെടുക്കാനും പുതിയ വിസയെടുക്കാനും പണമില്ലാതെ വലഞ്ഞവരെയാണ് ഈ ഘട്ടത്തിൽ മിഷൻ ടീം പരിഗണിച്ചത്. രണ്ടാംഘട്ടത്തിൽ ലഭിച്ച നൂറുകണക്കിന് അപേക്ഷകരിൽനിന്ന് ഉടൻ നാട്ടിലെത്തേണ്ടവരെ തെരഞ്ഞെടുക്കുകയായിരുന്നു. ഉച്ചക്ക് മൂന്നിന് ദുബൈ വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽനിന്ന് ൈഫ്ല ദുബൈ വിമാനത്തിലാണ് ഇവർക്ക് യാത്രയൊരുക്കിയത്.
ആഗസ്റ്റ് 10 കഴിഞ്ഞാൽ ഒന്നുകിൽ നാടണയണം, അല്ലെങ്കിൽ പിഴ അടക്കണം എന്ന അവസ്ഥയിൽ മാനസിക പ്രയാസം അനുഭവിച്ചവരായിരുന്നു ഇൗ സംഘത്തിൽ ഏറെയും. ഒരു കുടുംബം ഒഴികെ ബാക്കിയെല്ലാം യുവാക്കളായിരുന്നു. ജോലി നഷ്ടപ്പെട്ടവരും തൊഴിൽ അന്വേഷിച്ച് എത്തിയവരും ഇവരിൽ ഉൾപ്പെടുന്നു.
നാളെ മുതൽ യു.എ.ഇയിൽ തുടരണമെങ്കിൽ 1500-2000 ദിർഹമെങ്കിലും മുടക്കി പുതിയ വിസ എടുേക്കണ്ടിവരും. ടിക്കറ്റെടുക്കാൻ പോലും പണമില്ലാത്തതിനാൽ എങ്ങനെ നാടണയുമെന്ന ആശങ്കയിൽ കഴിയുേമ്പാഴാണ് മിഷൻ വിങ്സ് ഓഫ് കംപാഷെൻറ രണ്ടാംഘട്ടത്തെ കുറിച്ച് അറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു. നാടണയാൻ കൊതിച്ച പ്രവാസികൾ പ്രതിസന്ധിയിലായപ്പോഴൊക്കെ മിഷൻ സംഘം തുണയായി എത്തിയിട്ടുണ്ട്.
അടിയന്തരമായി നാട്ടിലെത്തേണ്ടവരെയാണ് ആദ്യ ഘട്ടത്തിൽ യാത്രയാക്കിയതെങ്കിൽ പിടിച്ചുനിന്നിട്ടും പ്രതീക്ഷയറ്റവർക്കാണ് രണ്ടാംഘട്ടത്തിൽ മുൻഗണന നൽകിയത്. സുമനസ്സുകളുടെ സഹായത്തോടെ തുടക്കം കുറിച്ച ദൗത്യം രണ്ടുമാസം പിന്നിടുേമ്പാൾ പ്രവാസലോകത്തുനിന്ന് ആയിരങ്ങളെ നാട്ടിലെത്തിച്ചു കഴിഞ്ഞു. പി.പി.ഇ കിറ്റ് അടക്കമുള്ള സൗകര്യങ്ങളോടെയാണ് ഇവരെ വിമാനത്തിലേക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.