ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ കുട്ടികൾക്കായി കൂടുതൽ എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നു. ടെർമിനൽ ഒന്നിലും രണ്ടിലുമാണ് പുതിയ എമിഗ്രേഷൻ കൗണ്ടർ പ്രവർത്തനം തുടങ്ങിയത്. ബലിപെരുന്നാളിലെ ആദ്യ ദിവസം ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ഉദ്ഘാടനം ചെയ്തു. ഉപ മേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. ടെർമിനൽ മൂന്നിലുള്ള കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറിന് ലഭിച്ച സ്വീകാര്യതയെ തുടർന്നാണ് ഇതര ടെർമിനലുകളിലെ അറൈവൽ ഭാഗത്തും കൗണ്ടർ തുറന്നത്.
കുട്ടികൾക്ക് പാസ്പോർട്ട് സ്റ്റാമ്പിങ് പ്രക്രിയ സ്വയം അനുഭവിക്കാനും ഇമാറാത്തി സംസ്കാരങ്ങൾ മനസ്സിലാക്കാനും പരിഗണന നൽകി കുരുന്ന് യാത്രക്കാരിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഈദുൽ ഫിത്ർ ദിനത്തിലാണ് ദുബൈ വിമാനത്താവളത്തിൽ കുട്ടികൾക്കുള്ള എമിഗ്രേഷൻ കൗണ്ടർ ആരംഭിച്ചത്. അതിന് ശേഷം 10,423 കുട്ടികൾ ഈ കൗണ്ടർ പ്രയോജനപ്പെടുത്തി. ഈ പദ്ധതിയുടെ വിജയത്തെ തുടർന്നാണ് ദുബൈ വിമാനത്താവളത്തിലെ എല്ലാ ടെർമിനലിലും കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ ആരംഭിക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറുകൾ പരമ്പരാഗത ഇമാറാത്തി പൈതൃകത്തിന്റെയും എമിറേറ്റിൽ നടന്നു വരുന്ന സാംസ്കാരിക നവോത്ഥാനത്തെ പ്രതിഫലിപ്പിക്കുന്ന അടയാളങ്ങൾ അതിമനോഹരമായി സംയോജിച്ചാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കുട്ടികളുടെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളുമായി പ്രതിധ്വനിപ്പിക്കാൻ ലക്ഷ്യമിട്ട്, കൗണ്ടറുകളുടെ തറയിൽ നിരവധി ഭാഷകളിലും അവരെ സ്വാഗതം ചെയ്യുന്ന ശൈലികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
കുട്ടികൾക്ക് മാത്രമായുള്ള ലോകത്തെ ആദ്യത്തെ എമിഗ്രേഷൻ സംവിധാനമാണ് ഈ കൗണ്ടർ. കുട്ടി യാത്രക്കാരുമായി രസകരവും സംവേദനാത്മകവുമായ രീതിയിൽ ഇടപഴകുന്നതിനായി, ശിശുസൗഹൃദ- യാത്രാ സേവനങ്ങൾക്ക് പുതിയ മാനദണ്ഡങ്ങൾ സജ്ജീകരിക്കുകയാണ് അധികൃതർ. ഇത് വഴി ദുബൈയിലൂടെയുള്ള യാത്ര കുടുംബങ്ങൾക്ക് കൂടുതൽ ആസ്വാദ്യകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.