ദുബൈ: യു.എ.ഇയുടെ മഹാമേളയിൽ ഇതുവരെ എത്തിയത് ഒരുകോടി സന്ദർശകർ. യു.എ.ഇ ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയർമാനുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. ഒരു കോടി സന്ദർശകർ എത്തുന്നത് പ്രമാണിച്ച് ഞായറാഴ്ച എക്സ്പോയിൽ പ്രത്യേക പരിപാടികൾ ഒരുക്കിയിരുന്നു. സന്ദർശകർക്ക് ആഘോഷിക്കുന്നതിനായി പത്ത് ദിർഹമിന് ടിക്കറ്റും നൽകിയിരുന്നു. നൂറുകണക്കിന് സന്നദ്ധ സേവകരുടെ രാപ്പകലില്ലാത്ത പ്രവർത്തനത്തിെൻറ വിജയമാണിതെന്നും ഈ ടീംവർക്കിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് 31ന് അവസാനിക്കുന്ന എക്സ്പോയിൽ രണ്ട് കോടി സന്ദർശകരെയാണ് ലക്ഷ്യമിടുന്നത്. തണുപ്പ് കാലമെത്തിയതിനാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. സീസൺ ടിക്കറ്റ് നിരക്ക് പകുതിയായി കുറച്ചിരുന്നു. ദിവസേനയുള്ള ടിക്കറ്റ് നിരക്കും കുറച്ചിട്ടുണ്ട്.
എക്സ്പോയിൽ കോവിഡ് ടെസ്റ്റിന് 150 ദിർഹം നൽകണം
ദുബൈ: എക്സ്പോ വേദിക്ക് സമീപത്തെ കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ ടെസ്റ്റ് ചെയ്യാനുള്ള നിരക്ക് 150 ദിർഹമാക്കി. നേരത്തെ സൗജന്യമായിരുന്നു. വാക്സിനെടുക്കാത്തവർക്ക് എക്സ്പോയിലേക്ക് പ്രവേശിക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റിവ് ഫലം ഹാജരാക്കണം. എക്സ്പോ പാർക്കിങ്ങിലും എക്സ്പോ വില്ലേജിലുമുള്ള ടെസ്റ്റിങ് സെന്ററുകളിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ പരിശോധനക്കാണ് 150 ദിർഹം നൽകേണ്ടത്. നാല് മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. പുറത്തെ പരിശോധന കേന്ദ്രങ്ങളിലെ ഫലവും സ്വീകരിക്കും. 72 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് ഫലമാണ് ഹാജരാക്കേണ്ടത്. വാക്സിനെടുത്തവർ പ്രവേശന കവാടത്തിൽ വാക്സിൻ രേഖകൾ കാണിക്കണം. മൊബൈൽ ഫോണിലുള്ള വാക്സിൻ തീയതിയോ സർട്ടിഫിക്കറ്റോ കാണിച്ചാലും മതി.
എക്സ്പോയിൽ ദക്ഷിണേന്ത്യൻ സംഗീതോത്സവം
ദുബൈ: ഇന്ത്യക്കാർ ഒഴുകിയെത്തുന്ന എക്സ്പോയിൽ ദക്ഷിണേന്ത്യൻ സംഗീത നിശ. ശനിയാഴ്ച വൈകീട്ട് അഞ്ചുമുതൽ ജൂബിലി സ്റ്റേജിലാണ് പരിപാടി. എ.ആർ. റഹ്മാെൻറ പരിപാടിക്ക് പിന്നാലെയാണ് ഇന്ത്യക്കാരെ കൂടുതൽ ആകർഷിക്കുന്നതിനായി വീണ്ടും ദക്ഷിണേന്ത്യൻ ഫെസ്റ്റ് എത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംഗീതോത്സവം എന്ന പേരിലാണ് ഇത് അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്ന, രമ്യ നമ്പീശൻ, സചിൻ വാര്യർ, സിദ്ധാർഥ് മേനോൻ, ഹരീഷ് ശിവരാമകൃഷ്ണൻ, ഗോവിന്ദ് വസന്ത, കെ.എസ്. ഹരിശങ്കർ തുടങ്ങിയവരാണ് വേദിയിൽ എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന എ.ആർ. റഹ്മാെൻറ പരിപാടിയിലേക്ക് വൻ ജനമാണ് ഒഴുകിയെത്തിയത്. റഹ്മാനുപുറമെ ഹരിഹരൻ, ഹരിചരൺ, ശ്വേത മോഹൻ തുടങ്ങിയവരും ഉണ്ടായിരുന്നു. എക്സ്പോ ടിക്കറ്റെടുത്ത് അകത്ത് പ്രവേശിക്കുന്ന ആർക്കും ജൂബിലി സ്റ്റേജിലെ തുറന്ന വേദിയിൽ സംഗീതം ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.