ഷാർജ: രാജ്യത്തിെൻറ 50ാം പിറന്നാളാഘോഷം വർണാഭമാക്കാൻ ഷാർജയിൽ വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഷാർജ പട്ടണവും മറ്റ് ഉപനഗരങ്ങളും ചതുർവർണ പൊലിമയിൽ തിളങ്ങിനിൽക്കുകയാണ്. റൗണ്ട് എബൌട്ടുകൾ, പാതയോരങ്ങൾ, പാർപ്പിടങ്ങൾ, ജലാശയങ്ങൾ, ഉദ്യാനങ്ങൾ, മരുഭൂതലങ്ങൾ തുടങ്ങി ഷാർജയുടെ ഓരോ സാംസ്കാരിക മണ്ഡലങ്ങളും കൊടിതോരണങ്ങളാൽ ലങ്കിമറിയുകയാണ്. ഖാലിദ് തടാകത്തിലെ ജലധാരയിൽനിന്ന്, അന്തരീക്ഷത്തിലേക്കുയരുന്ന ഐക്യത്തിെൻറ നാലുവർണങ്ങൾ പ്രതീക്ഷയുടെ പുത്തൻകാവ്യങ്ങൾ കുറിക്കുന്നു.
വടക്കൻ എമിറേറ്റുകളിലെ വിനോദസഞ്ചാര മേഖലകളെല്ലാം തന്നെ അണിഞ്ഞൊരുങ്ങി കഴിഞ്ഞിട്ടുണ്ട്. മലീഹയിലും മദാമിലും ഖോർഫഖാനിലുമെല്ലാം പ്രതീക്ഷയുടെ നാലുവർണങ്ങൾ നിറഞ്ഞിരിക്കയാണ്. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദിബ്ബ അൽ ഹിസനിൽ വള്ളംകളിയും ജലഘോഷയാത്രയും നടക്കും. ഷാർജ പട്ടണത്തിലെ കവലകളെല്ലാം ചതുർവർണ പൊലിമയിൽ തന്നെ. കുഞ്ഞൻ പതാക മുതൽ കൂറ്റൻ പതാകകൾ വരെ വിപണിയിൽ സുലഭം. വസ്ത്രങ്ങളും ബാഗുകളും കളിപ്പാട്ടങ്ങളിൽ വരെ ദേശീയനിറം നിറഞ്ഞൊഴുകുകയാണ്. രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത വാഹനങ്ങളിൽ നിന്ന്, യു.എ.ഇയുടെ ഗാനഗന്ധർവൻ ഹുസൈൻ അൽ ജസ്മിയുടെ ആലാപനം നിറഞ്ഞൊഴുകാൻ തുടങ്ങിക്കഴിഞ്ഞു.
ദേശീയദിനത്തോടനുബന്ധിച്ച് ഷാർജയിൽ പത്തുദിവസം നീളുന്ന കലാപരിപാടികളും വെടിക്കെട്ടും നടക്കുമെന്ന് നാഷനൽ ഡേ സെലിബ്രേഷൻ കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മിദ്ഫ പറഞ്ഞു. ഷാർജയിലെ പ്രധാന വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രങ്ങളായ ഖോർഫക്കാൻ ആംഫി തിയറ്റർ, ഷാർജ നാഷനൽ പാർക്ക്, അൽ മജാസ് ആംഫി തിയറ്റർ, ദിബ്ബ അൽ ഹിസ്നിലെ അൽ ഹിസ്ൻ ദ്വീപ്, അൽ മദാം മുനിസിപ്പാലിറ്റി, അൽ ഹംറിയ ഹെറിറ്റേജ് വില്ലേജ്, കൽബ പാർക്ക്, അൽ ദൈദ് ഹെറിറ്റേജ് വില്ലേജ് എന്നിവിടങ്ങളിലെല്ലാം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.