അബൂദബി: ദേശീയദിനം പ്രമാണിച്ച് യു.എ.ഇയിൽ 1125ഒാളം തടവുകാർക്ക് കൂടി മോചനം. ദുബൈയിൽ 625, റാസൽഖൈമയിൽ 205, അജ്മാനിൽ 90, ഷാർജയിൽ 182 തടവുകാരെ മോചിപ്പിക്കും. ഉമ്മുൽഖുവൈനിലും മോചനത്തിന് നടപടിയുണ്ടെങ്കിലും തടവുകാരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.
നല്ലനടപ്പ് അടിസ്ഥാനമാക്കിയാണ് ജയിലിൽനിന്ന് വിട്ടയക്കുന്നത്. 785 പേർക്ക് ജയിൽമോചനം നൽകാൻ ഞായറാഴ്ച യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനും ഉത്തരവിട്ടിരുന്നു. 47ാമത് ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി ദുബൈ എമിറേറ്റിലെ ജയിലുകളിൽനിന്ന് വ്യത്യസ്ത രാജ്യക്കാരായ 625 പേരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് നിർദേശം നൽകിയത്. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ സഖർ ആൽ ഖാസിമിയാണ് റാസൽഖൈമയിൽ തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. വ്യത്യസ്ത കേസുകളിൽ വിവിധ ജയിലുകളിൽ കഴിയുന്നവർക്ക് ഇതുവഴി മോചനം സാധ്യമാകും.
വ്യത്യസ്ത കേസുകളിൽ ശിക്ഷിക്കപ്പെട്ട് അജ്മാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന 90 പേരെ വിട്ടയക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി ഉത്തരവിട്ടു. തടവുകാർക്ക് ആശംസ അറിയിച്ച ശൈഖ് ഹുമൈദ് ആരോഗ്യകരവും ക്രിയാത്മകവുമായി സമൂഹത്തിലേക്ക് തിരിച്ചെത്താൻ ഇൗ അവസരം അവർ ഉപയോഗിക്കുമെന്ന് പ്രത്യാശിച്ചു. ഉമ്മുൽ ഖുവൈനിൽ നിരവധി േപരെ ജയിൽമോചിതരാക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ റാശിദ് ആൽ മുഅല്ലയും ഷാർജയിൽ വ്യത്യസ്ത രാജ്യക്കാരായ 182 പേരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയും ഉത്തരവ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.