ദുബൈ: യു.എ.ഇ ദേശീയ ദിനാചരണത്തിന്റെ ഭാഗമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ദുബൈയിലെ ആശുപത്രികളിൽ ജനിച്ച കുട്ടികൾക്കുവേണ്ടി വാഹനങ്ങളിൽ ഉപയോഗിക്കുന്ന ചൈൽഡ് സീറ്റുകൾ വിതരണം ചെയ്തു. വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള കാമ്പയിന്റെ ഭാഗമായാണ് ദുബൈ പൊലീസ്, ദുബൈ ഹെൽത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കിയത്. ആർ.ടി.എയുടെ സാമൂഹികപ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് സ്വകാര്യ-സർക്കാർ സംവിധാനങ്ങളെ സഹകരിപ്പിച്ച് പദ്ധതി നടപ്പിലാക്കിയതെന്ന് ആർ.ടി ട്രാഫിക് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ബദ്ർ അൽ സീരി പറഞ്ഞു. അൽ ഫുത്തൈം ഗ്രൂപ്പിന്റെയും എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷന്റെയും പിന്തുണയോടെയാണ് കുട്ടികൾക്കായുള്ള പ്രത്യേക സീറ്റുകൾ വിതരണം ചെയ്തത്.
23 ആശുപത്രികളിലെ 500 കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് സീറ്റുകൾ നൽകിയത്. സമൂഹത്തിലെ ഓരോ വിഭാഗത്തിനായും പ്രത്യേകം പ്രത്യേകമായുള്ള സുരക്ഷാ ബോധവത്കരണങ്ങൾ ആർ.ടി.എ നടപ്പിലാക്കിവരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടികളുടെ സുരക്ഷ ഏറ്റവും മുന്തിയ പരിഗണനയോടെ വിലയിരുത്തപ്പെടേണ്ടതാണെന്നും ട്രാഫിക് നിയമത്തിലെ നിർദേശങ്ങൾ ഇതിനായി എല്ലാവരും പാലിക്കണമെന്നും ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രി. സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. കുട്ടികളുടെ ഭാരത്തിനും ഉയരത്തിനും അനുയോജ്യമായ ചൈൽഡ് സീറ്റുകൾ വാഹനങ്ങളിൽ പിറകിലെ സീറ്റിൽ ഘടിപ്പിച്ചിരിക്കണമെന്നാണ് നിയമം. ഡ്രൈവിങ്ങിനിടെ രക്ഷിതാക്കൾ കുട്ടികളെ മുൻസീറ്റിലിരുത്തുന്നതും അവരെ ചേർത്തുപിടിച്ച് യാത്ര ചെയ്യുന്നതും തെറ്റായ ശീലമാണെന്നും കുട്ടികളുടെ ജീവിതവും സുരക്ഷിതത്വവും അപകടത്തിലാക്കുന്നതാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നാല് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് വെക്കണമെന്നാണ് നിയമം.
10 വയസ്സിൽ താഴെയോ 145 സെന്റിമീറ്ററിൽ താഴെ ഉയരമോ ഉള്ള കുട്ടികൾ മുൻസീറ്റിൽ ഇരിക്കാൻ പാടില്ലെന്നും നിയമം നിർദേശിക്കുന്നു. ഇതിൽ വീഴ്ച വരുത്തൽ 400 ദിർഹം പിഴ ഈടാക്കുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.