ദുബൈ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം യു.എ.ഇയിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിലാണ് കൊറോണ വൈറസിെൻറ വകഭേദം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ ആളുകളിൽ മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളതെന്നും ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും ആരോഗ്യ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി. യു.എ.ഇ സർക്കാറിെൻറ വക്താവ് ഡോ. ഒമർ അൽ ഹമ്മദിയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയിരിക്കുന്നത്. എമിറേറ്റിലേക്ക് യാത്ര ചെയ്ത് എത്തിയവരിലാണ് കൂടുതൽ പകർച്ചവ്യാധിക്ക് സാധ്യതയുള്ള വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ പരിമിതമായ എണ്ണം ആളുകളിൽ മാത്രമാണ് ഇവ കണ്ടെത്തിയത്. രാജ്യത്തെ കർശനമായ ആരോഗ്യ പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. വ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷാമുൻകരുതലുകളും ആരോഗ്യ വിഭാഗം ഇതിനകം നടപ്പാക്കികഴിഞ്ഞു -ഡോ. ഒമർ അൽ ഹമ്മദിപറഞ്ഞു.
എന്നാൽ എത്ര പേരിൽ പുതിയ വൈറസ് കണ്ടെത്തിയെന്നോ, ഏതു രാജ്യങ്ങളിൽ നിന്നെത്തിയവരിലാണ് വ്യാപനം സംഭവിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.യു.കെയിൽ റിപ്പോർട്ട് ചെയ്യുകയും പിന്നീട് സ്പെയിൻ, ദക്ഷിണ കൊറിയ, സ്വീഡൻ, ദക്ഷിണാഫ്രിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത വൈറസ് ആദ്യമായാണ് ഒരു ഗൾഫ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. ജനിതക മാറ്റം സംഭവിച്ച വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നുമാണ് മന്ത്രാലയം നൽകുന്ന നിർദേശം. ഫേസ് മാസ്കും സാമൂഹ്യ അകലം പാലിക്കുന്നതും കർശനമായി പാലിക്കണമെന്നും ആഘോഷവേളകളുടെ മുന്നോടിയായി സംഘം ചേരുന്നതും മറ്റും ഒഴിവാക്കണമെന്നുമുള്ള നിർദേശങ്ങളാണ് പ്രാഥമികമായി പുറത്തുവിട്ടിട്ടുള്ളത്.
പുതിയ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഒരാഴ്ചയ്ക്കുള്ളിൽ സജീവമായ കേസുകളുടെ എണ്ണം ചൊവ്വാഴ്ച വീണ്ടും വർദ്ധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 153,157 പരിശോധനകളിൽ നിന്ന് 1,506 പുതിയ കേസുകൾ കണ്ടെത്തി.
ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 204,369 ആയി ഉയർന്നു. ഒക്ടോബർ 22 ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മൂന്നാമത്തെ കണക്കാണ്പ്രതിദിന കണക്കാണിത്. രണ്ടു മരണമാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. അതിജീവനത്തിെൻറ കാര്യത്തിൽ യു.എ.ഇ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മുന്നിലാണെന്നും മരണങ്ങൾ കുറവാണെന്നും ചൊവ്വാഴ്ച ഡോ. അൽ ഹമ്മദി പറഞ്ഞു.
ഒരു ദിവസം കഴിഞ്ഞെത്തുന്ന പുതുവത്സരാഘോഷത്തിന് വിപുലമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് രാജ്യത്ത് പുതിയ വൈറസ് സാന്നിധ്യം സംബന്ധിച്ച വാർത്ത പുറത്തുവന്നിരിക്കുന്നത്. മാത്രമല്ല, ജനുവരി മൂന്നുമുതൽ രാജ്യത്തെ സ്വകാര്യ സ്കൂളുകളിലേക്ക് വിദ്യാർഥികൾ മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലുമാണ്. കർശന കോവിഡ് മുൻകരുതൽ നടപടികളും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളും ഏർപെടുത്താനുള്ള നീക്കം അധികൃതർ തുടരുമെന്ന സൂചനയാണ് ലഭ്യമാകുന്നത്. നടപടികൾ കർശനമാക്കുന്നതോടെ ആഘോഷങ്ങൾ പൂർണമായും നിർത്തിവെക്കേണ്ടി വരും. പുതുവത്സരാഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കാണിച്ചുള്ള സർക്കുലറുകൾ ആഭ്യന്തര മന്ത്രാലയും വിവിധ എമിറേറ്റുകളും കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പുറത്തിറക്കിയിരുന്നു. ആഘോഷവേളയിൽ സംഘം ചേരുന്നത് സംബന്ധിച്ചും വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു. പുതുവത്സര പാർട്ടികളിൽ 30 പേർക്ക് മാത്രമാണ് അനുമതി നൽകിയത്. നിയമം ലംഘിച്ചാൽ അരലക്ഷം ദിർഹം പിഴയീടാക്കുന്നതുൾപെടെയുള്ള ശിക്ഷാനടപടികളും പ്രസിദ്ധപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.