അബൂദബി: അബൂദബിയിൽ കുട്ടികളുടെ നഴ്സറികളുടെ പ്രവർത്തനത്തിന് കോവിഡ് മാർഗനിർദേശങ്ങൾ പരിഷ്കരിച്ചു. ജൂലൈ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
45 ദിവസം മുതൽ രണ്ട് വയസ്സുവരെയുള്ള 8- 12 കുട്ടികളെ ഒരു മുറിയിൽ ഇരുത്താം. രണ്ടു മുതൽ നാലുവരെ പ്രായമുള്ള 10- 16 കുട്ടികളെയും ഒരു മുറിയിൽ ഇരുത്തി പഠിപ്പിക്കാം. ആർക്കെങ്കിലും കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്താൽ നഴ്സറി അടക്കുന്നതിനുപകരം മുറി പത്തു ദിവസത്തേക്ക് അടക്കും. എന്നാൽ, ഒരേസമയം മൂന്നോ അതിലധികമോ ക്ലാസുകളിലെ കുട്ടികൾക്ക് കോവിഡ് ബാധിച്ചാൽ നഴ്സറി പൂർണമായും പത്തു ദിവസത്തേക്ക് അടക്കും. ക്ലാസ് മുറിയിൽ ഓരോ കുട്ടികൾക്കിടയിലും കുറഞ്ഞത് 3.5 ചതുരശ്ര മീറ്ററിെൻറ സാമൂഹിക അകലം ഉറപ്പാക്കണം.
തുറസ്സായ സ്ഥലങ്ങളിൽ ഇത് അഞ്ചു ചതുരശ്ര മീറ്ററായിരിക്കും. കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിലും കഴിവുകൾ വികസിപ്പിക്കുന്നതിലും നഴ്സറികൾ നിർണായക പങ്ക് വഹിക്കുന്നതായി അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പിലെ വിദ്യാഭ്യാസ ഡയറക്ടർ മറിയം അൽ ഹല്ലാമി അറിയിച്ചു.
കോവിഡ് വ്യാപന വേളയിൽ നഴ്സറികൾക്കും ശിശു സംരക്ഷണ സഹായം ആവശ്യമുള്ള രക്ഷകർത്താക്കൾക്കും അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി നൽകിയ പിന്തുണയെ അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു.
77 ശതമാനം നഴ്സറി ജീവനക്കാർക്കും പ്രതിരോധ കുത്തിവെപ്പുകൾ നൽകി കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കി. കോവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നതിന് നഴ്സറി ജീവനക്കാർക്ക് നിർബന്ധ വെർച്വൽ പരിശീലനം നൽകും. ഓരോ നഴ്സറിയിലും ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫിസറെയും നഴ്സിനെയും നിയമിക്കും.
കുട്ടികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശരീര താപനില ദിവസേന പരിശോധിക്കുകയും കോവിഡ് ലക്ഷണങ്ങളുള്ള വ്യക്തികളെ നഴ്സറിയിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.