അബൂദബി: ഓട്ടിസം ബാധിച്ചവരടക്കം ദൃഢനിശ്ചയ വിഭാഗത്തിലെ കുട്ടികൾക്കുവേണ്ടി അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സെൻസറി റൂമുകൾ തുറന്നു. അബൂദബി 'ഏർളി ചൈൽഡ് ഹുഡ് അതോറിറ്റി'യുമായി സഹചരിച്ചാണ് സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്ൾ ഓഫ് ഡിറ്റർമിനേഷനും അബൂദബി വിമാനത്താവളവും രണ്ട് സെൻസറി റൂമുകൾക്ക് തുടക്കമിട്ടത്. തിരക്കേറിയ പൊതുസ്ഥലങ്ങളിൽ ശാന്തമായ അന്തരീക്ഷവും സൗകര്യവും ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. അബൂദബിയിലെ വാണിജ്യകേന്ദ്രങ്ങൾ അടക്കമുള്ള സുപ്രധാന മേഖലകളിൽ ആറു സെൻസറി റൂമുകൾ ആരംഭിക്കാനായി 2021ൽ ആദ്യം സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്ൾ ഓഫ് ഡിറ്റർമിനേഷനും അബൂദബി വിമാനത്താവളവും ധാരണപത്രം ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ടു സെൻസറി റൂമുകൾ ഇപ്പോൾ ആരംഭിച്ചത്. ടെർമിനൽ ഒന്നിലെയും ടെർമിനൽ മൂന്നിലെയും കളി സ്ഥലത്താണ് സെൻസറി റൂമുകൾ തുറന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഏകാഗ്രതയും പഠനശേഷിയുമൊക്കെ ആകർഷിക്കുന്ന രീതിയിൽ പ്രത്യേക വെളിച്ചവും സംഗീതവും ഉപകരണങ്ങളുമൊക്കെ അടങ്ങിയതാണ് സെൻസറി റൂമുകളുടെ സജ്ജീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.