അബൂദബി: അബൂദബി സർക്കാറിെൻറ ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽഐൻ തവാം ആശുപത്രിയിലെ സ്ട്രോക്ക് സെൻററിൽ അക്യൂട്ട് ഇസ്കെമിക് സ്ട്രോക്ക് ചികിത്സക്കായി ന്യൂറോ-റേ എന്ന പുതിയ സാങ്കേതികവിദ്യ ആരംഭിച്ചു. രോഗികളെ ഈ പ്രക്രിയയിൽ ചികിത്സക്ക് വിധേയമാക്കുന്നത് വിജയകരമായി പൂർത്തിയാക്കിയതായും സെഹ അറിയിച്ചു.
അക്യൂട്ട് ഇസ്കെമിക് സ്ട്രോക്കിനുള്ള ചികിത്സ മാർഗങ്ങളിലൊന്നാണ് മെക്കാനിക്കൽ ത്രോംബെക്ടമി. തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളിൽ തടസ്സം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സ്ട്രോക്കാണിത്. രോഗിയുടെ തുടയിലൂടെ കത്തീറ്റർ ഘടിപ്പിച്ചാണ് രക്തം കട്ടപിടിച്ചിരിക്കുന്ന ഭാഗത്തേക്ക് ഇൻജക്ട് ചെയ്യപ്പെടുന്നത്. സ്റ്റെൻറ് റിട്രീവർ എന്ന ഉപകരണത്തിെൻറ സഹായത്തോടെയാണ് കത്തീറ്റർ വഴി കട്ടപിടിച്ച രക്തം വലിച്ചെടുക്കുകയും പിൻവലിക്കുകയും ചെയ്യുന്നത്.
അക്യൂട്ട് ഇസ്കെമിക് സ്ട്രോക്ക് കേസുകളിൽ മെക്കാനിക്കൽ ത്രോംബെക്ടമി ചികിത്സയുടെ വിജയനിരക്ക് 80 ശതമാനമാണ്. രക്തം കട്ടിയാകുന്നത് മാറ്റാൻ മരുന്നുകൾ ഉപയോഗിക്കുന്നതിെൻറ വിജയ നിരക്ക് 40 ശതമാനം മാത്രമാണെന്നും തവാം ആശുപത്രി ഇൻറർവെൻഷനൽ റേഡിയോളജി കൺസൽട്ടൻറ് ക്ലിനിക്കൽ ഇമേജിങ് മേധാവി ഡോ. ജമാൽ അൽ ഗോട്ടൈഷ് ചൂണ്ടിക്കാട്ടി. ഹൃദയാഘാതത്തിെൻറ ആരംഭം മുതൽ ആദ്യത്തെ ആറു മണിക്കൂറിനുള്ളിലാണെങ്കിൽ ഈ സാങ്കേതിക രീതിയിലൂടെയുള്ള ചികിത്സ കൂടുതൽ ഫലപ്രദമാകും.
ചില സന്ദർഭങ്ങളിൽ ഇത് 24 മണിക്കൂർ വരെ നൽകാനാവുമെന്ന് തവാം ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. റോസിക്ക ചൂണ്ടിക്കാട്ടി. കഠിനമായ ഹൃദയാഘാതം അനുഭവിക്കുന്ന ആയിരത്തോളം രോഗികളെ പ്രതിവർഷം തവാം ആശുപത്രിയിൽ പരിപാലിക്കുന്നതായും ഇവിടെ ചികിത്സ തേടിയെത്തുന്ന എല്ലാവർക്കും മികച്ച പരിചരണം നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.