ദുബൈ: ഈവർഷം മുതൽ യു.എ.ഇ പുതിയ വാരാന്ത്യത്തിലേക്ക് മാറുന്നതിനനുസരിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ദുബൈ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.
രണ്ടു സമയക്രമത്തിലായി രാവിലെ 7.30 മുതൽ വൈകീട്ട് ഏഴുവരെയാണ് ജി.ഡി.ആർ.എഫ്.എ ദുബൈ ഓഫിസുകളുടെ സേവനം ലഭ്യമാവുകയെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 3.30വരെയാണ് ആദ്യ സമയക്രമം.
രാവിലെ 11മുതൽ വൈകീട്ട് ഏഴുവരെയാണ് രണ്ടാം ഷിഫ്റ്റ്. എന്നാൽ, വെള്ളിയാഴ്ച ആദ്യ സമയക്രമം രാവിലെ 7.30ന് തുടങ്ങി 12ന് അവസാനിക്കും. തുടർന്ന് ഉച്ചക്ക് 2.30 മുതൽ വൈകീട്ട് ഏഴുവരെയാണ് ഓഫിസ് സേവനം ലഭ്യമാവുകയെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഓഫിസിന് വാരാന്ത്യ അവധിയായിരിക്കും.
അതിനിടയിൽ വിസ സംബന്ധമായ ജി.ഡി.ആർ.എഫ്.എ സേവനങ്ങൾക്ക് വകുപ്പിന്റെ സ്മാർട്ട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ സേവനം തേടാം. വകുപ്പിന്റെ ഒട്ടുമിക്ക സേവനങ്ങളും സ്മാർട്ട് ചാനലിൽ ലഭ്യമാണ്. അന്വേഷണങ്ങൾക്ക് ടോൾഫ്രീ നമ്പറായ 8005111 നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.