ദുബൈ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുനൈറ്റഡ് പരിശീലനത്തിനായി ദുബൈയിലേക്കെത്തുന്നു. ലിവർപൂൾ, ആഴ്സനൽ ക്ലബുകൾക്കു പിന്നാലെയാണ് ന്യൂകാസിലും എത്തുന്നത്. ഈ മാസമാണ് പരിശീലനം. യുവേഫ ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നിവയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പരിശീലനം. വിദേശ ക്ലബുകളുടെയും ടീമുകളുടെയും ഇഷ്ട പരിശീലനകേന്ദ്രങ്ങളായി ദുബൈ മാറുന്നുവെന്നതിന്റെ തെളിവാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളുടെ വരവ്. ഈ വർഷം 30 അന്താരാഷ്ട്ര പരിശീലന ക്യാമ്പുകളാണ് ദുബൈയിൽ നടക്കാനിരിക്കുന്നത്. ലോകകപ്പ് ടീമുകളും ഒളിമ്പിക്സ് താരങ്ങളും ദുബൈയിൽ പരിശീലനത്തിനായി എത്തിയിരുന്നു.
കഴിഞ്ഞ വർഷവും ന്യൂകാസിൽ ക്ലബ് ദുബൈയിൽ പര്യടനത്തിനെത്തിയിരുന്നു. വരും ദിവസങ്ങളിൽ അണ്ടർ 20 മെക്സികോ, നെതർലൻഡ്സ്, സൗദി അറേബ്യ ടീമുകളും ഇവിടെയെത്തുന്നുണ്ട്. ഇംഗ്ലീഷ് സ്വിമ്മിങ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ ടീമിന്റെ നീന്തൽ പരിശീലനം ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ നടന്നു. 100ഓളം നീന്തൽ താരങ്ങളാണ് പങ്കെടുത്തത്. വിവിധ വിദേശ കായിക സംഘടനകളുമായി ചേർന്ന് ദുബൈ സ്പോർട്സ് കൗൺസിലാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. ലോകോത്തര നിലവാരമുള്ള പരിശീലന സൗകര്യവും താമസവും ഭക്ഷണവുമെല്ലാം താരങ്ങൾക്ക് ദുബൈ പ്രിയപ്പെട്ടതാക്കുന്നു. അവധിക്കാലം ആഘോഷിക്കാനും നിരവധി താരങ്ങൾ ദുബൈയിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.