അബൂദബി: അബൂദബിയിൽ തിങ്കളാഴ്ച മുതൽ രാത്രി കാല സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ അണുനശീകരണ പരിപാടി നടക്കുന്നതിനാലാണ് രാത്രി 12 മുതൽ പുലർച്ചെ അഞ്ച് വരെ പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തിയത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അബൂദബി ദുരന്ത നിവാരണ സമിതി അറിയിച്ചു.
വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. അത്യാവശ്യക്കാർക്ക് adpolice.gov.ae എന്ന വെബ്സൈറ്റ് വഴി അനുമതി തേടിയ ശേഷം പുറത്തിറങ്ങാം. മറ്റ് എമിറേറ്റുകളിൽ നിന്ന് അബൂബദിയിൽ പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ പരിശോധന ഫലമോ 24 മണിക്കൂറിനുള്ളിൽ എടുത്ത ഡി.പി.ഐ ഫലമോ ഉള്ളവർക്ക് മാത്രമെ പ്രവേശന അനുമതി നൽകൂ. നാല് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർ നാലാം ദിവസവും എട്ട് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർ എട്ടാം ദിവസവും പി.സി.ആർ ടെസ്റ്റ് നടത്തണം. അതേസമയം, ഡി.പി.ഐ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർ മൂന്നാം ദിവസം പി.സി.ആർ പരിശോധന നടത്തണം. ഏഴ് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർ ഏഴാം ദിവസവും പരിശോധന നടത്തണം. തുടർച്ചയായി ഡി.പി.ഐ പരിശോധന നടത്തി പ്രവേശനത്തിന് അനുമതി നൽകില്ല.
പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഷോപ്പിങ് മാളുകളിൽ 40 ശതമാനവും സിനിമ തീയറ്റുകളിൽ 30 ശതമാനവും പേർക്ക് മാത്രമാണ് പ്രവേശനം. ബസുകളിലും ജലഗതാഗതത്തിലും 50 ശതമാനം മാത്രം പ്രവേശനം.
അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന ടാക്സിയിൽ മൂന്ന് പേർക്കും ഏഴ് പേർക്ക് സഞ്ചരിക്കാവുന്ന ടാക്സിയിൽ നാല് പേർക്കും മാത്രമെ യാത്ര അനുവദിക്കൂ. ബീച്ച്, പാർക്ക്, സ്വിമ്മിങ് പൂൾ, റസ്റ്റാറൻറ്, കഫെ, മ്യൂസിയം, വിനോദ കേന്ദ്രം, ജിംനേഷ്യം, സ്പാ എന്നിവിടങ്ങളിൽ 50 ശതമാനം പേർക്ക് മാത്രം പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.