ഷാർജ: ദേശീയദിനം പ്രമാണിച്ച് ലഭിച്ച അവധിക്ക് വടക്കൻ എമിറേറ്റുകളിൽ രാപ്പാർക്കാൻ പോകാൻ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ തൽക്കാലം വേണ്ട. റാസൽഖൈമ, ഫുജൈറ എമിറേറ്റുകൾക്ക് പിറകെ ഷാർജയും രാത്രികാല ക്യാമ്പിങ് നിരോധിച്ച് ഉത്തരവിറക്കി. യു.എ.ഇയുടെ വടക്കുകിഴക്ക് മേഖലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാര മേഖലകളുള്ളത് ഷാർജയിലാണ്.
കുറഞ്ഞ നാളുകൾ കൊണ്ട് സഞ്ചാരികളുടെ ഇഷ്ട മേഖലയായി മാറിയ വാദി ഷീസ്, അൽ റുഫൈസ അണക്കെട്ട്, ഖോർഫക്കാൻ, കണ്ടൽക്കാടുകളും ജന്തുജാല വൈവിധ്യങ്ങളും സംഗമിക്കുന്ന കൽബ, നൂറ്റാണ്ടുകുടെ ചരിത്രത്തിന് കാവൽ നിൽക്കുന്ന മലീഹ, പറങ്കികളെ തുരത്തിയ ഉശിരുള്ള ദിബ്ബ അൽ ഹിസൻ തുടങ്ങി രാപ്പകൽ ഉല്ലാസത്തിനുള്ള നിരവധി കേന്ദ്രങ്ങളാണ് ഷാർജക്കുള്ളത്. ഇവിടെ രാത്രികാല ക്യാമ്പിങ്ങിന് വിലക്ക് വീണതോടെ മലയാളികൾ ഉൾപ്പെടെയുള്ള സഞ്ചാരപ്രിയരുടെ അവധിക്കാല പദ്ധതികൾ താളം തെറ്റും.
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ഈടാക്കുമെന്ന് മൂന്ന് എമിറേറ്റുകളിൽനിന്നുള്ള അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് പാലിക്കുന്നത് ഉറപ്പാക്കാൻ പരിശോധന സംഘങ്ങൾ പ്രദേശങ്ങൾ നിരീക്ഷിക്കും. ശൈത്യകാലം ശക്തിപ്പെട്ടതോടെ മരുഭൂമികളിലാകെ കൂടാരങ്ങളും കാരവനും നിറഞ്ഞിരിക്കുകയാണ്. ദേശീയദിനവും വാരാന്ത്യ അവധിയും ഉൾപ്പെടെ അഞ്ചു ദിവസമാണ് അവധി ലഭിക്കുന്നത്.
ഡിസംബർ ഒന്ന് സ്മരണദിനം, രണ്ടിനും മൂന്നിനും ദേശീയദിനം, നാല്-അഞ്ച് തീയതികളിൽ വാരാന്ത്യ അവധി എന്നിവയാണുള്ളത്. ഇതിനു പിന്നാലെ ക്രിസ്മസ്, ന്യൂ ഇയർ എന്നിവയും വരുന്നുണ്ട്. ഈ ദിവസങ്ങൾ മുന്നിൽ കണ്ടാണ് മൂന്ന് എമിറേറ്റുകളിൽ നിരോധനം ഏർപ്പെടുത്തിയത്. ടെൻറുകളിലും കാരവനിലും ഒത്തുചേരുന്നതിനും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനുമാണ് വിലക്ക്.
എമിറേറ്റിെൻറ എല്ലാ മേഖലകളിലും നിരോധനം ബാധകമായിരിക്കുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. കോവിഡ് മുൻകരുതലിെൻറ ഭാഗമായാണ് നടപടിയെന്ന് ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗനീം അൽ കാബി പറഞ്ഞു. നിരോധനം ലംഘിക്കുന്നവർക്ക് ശിക്ഷ നേരിടേണ്ടി വരും. പിഴ ഈടാക്കുന്നത് കൂടാതെ കാരവനും ക്യാമ്പും ടെൻറും നശിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ഭക്ഷണം ഉണ്ടാക്കാനോ കൈമാറാനോ സമ്മാനങ്ങൾ നൽകാനോ അനുവദിക്കില്ല. ഇവിടെയുള്ള താമസക്കാർ ആഘോഷങ്ങൾക്കായി ഒത്തുചേരുന്നത് നേരത്തെ നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.