അബൂദബിയില്‍ ക്ലാസ് മുറിക്ക് പുറത്ത് മാസ്‌ക് വേണ്ട

അബൂദബി: അബൂദബിയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറിക്ക് പുറത്ത് മാസ്‌ക് ഒഴിവാക്കി. സ്‌കൂളുകള്‍ക്കായി പുതുക്കിയ കോവിഡ് മാനദണ്ഡപ്രകാരമാണ് ഇളവ്. ക്ലാസ്‌റൂമിനു പുറത്ത് സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കിയതായി അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡക്) സ്വകാര്യ സ്‌കൂളുകള്‍ക്കായി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു. ഗ്രേഡ് രണ്ടു മുതല്‍ മുകളിലേക്കുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ക്ലാസ് റൂമില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമായും തുടരണം. എന്നാല്‍, സ്‌കൂള്‍ വളപ്പില്‍ ഇത് ഒഴിവാക്കിയിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ ഫീല്‍ഡ് ട്രിപ്പും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, അവര്‍ സന്ദര്‍ശിക്കുന്ന സ്ഥലത്ത് എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കണം. സ്‌കൂളുകളിലെ കായികവിനോദങ്ങളും മത്സരങ്ങളും പുനരാരംഭിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരം പരിപാടികള്‍ക്ക് 90 ശതമാനം പങ്കാളിത്തമേ അനുവദിക്കൂ. സ്‌കൂള്‍ ബസുകളില്‍ നൂറുശതമാനം യാത്ര അനുവദിച്ചിട്ടുണ്ട്. കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ള 18 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ ക്വാറന്‍റീന്‍ ആവശ്യമില്ല. എന്നാല്‍ ഒന്ന്, നാല് ദിവസങ്ങളില്‍ ഇവര്‍ പരിശോധനയ്ക്ക് വിധേയരാവണം. 18 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടെങ്കില്‍ ക്വാറന്‍റീന്‍ ആവശ്യമില്ലെങ്കിലും അഞ്ചുദിവസത്തേക്ക് എല്ലാ ദിവസവും കോവിഡ് പരിശോധനക്കു വിധേയരാവണം.

Tags:    
News Summary - No need mask outside the classroom in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.