ദുബൈ: കോവിഡ് മൂലം മരണപ്പെട്ട് വിദേശത്ത് അടക്കം ചെയ്യപ്പെട്ടവരുടെ വിവരങ്ങളും അവർക്ക് സർക്കാർ നൽകിയ സഹായവും വിവരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്തിന് നോർക്ക നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ഇൻകാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലി. അപേക്ഷിച്ചവർക്കെല്ലാം ധനസാഹായം വിതരണം ചെയ്തു എന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചത്.
അല്ലാത്തവർക്ക് ധനസഹായം എത്തിക്കേണ്ടതില്ല എന്നാണോ നോർക്ക ഉദ്ദേശിക്കുന്നത്. 17 ലക്ഷത്തോളം മലയാളികൾ നാട്ടിലേക്ക് മടങ്ങി എന്ന് നോർക്കയുടെ കത്തിൽ പറയുന്നു. അതേ കത്തിലെ കണക്കുകൾ പ്രകാരം 1,60,000 ൽ താഴെ പേർക്ക് മാത്രമാണ് ചെറിയ തോതിൽ ധനസഹായങ്ങൾ എത്തിയത്. ബാക്കി 15 ലക്ഷത്തിൽപരം പേർക്കായി സർക്കാർ എന്തു ചെയ്തു.
കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കു പ്രകാരം മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ ധനസഹായം ലഭിച്ചിട്ടുണ്ട്. എന്നാൽ, നോർക്കയുടെ മറുപടിയിൽ ഇങ്ങനെ ഒരു തുകയോ പ്രവാസി ക്ഷേമ സംഘത്തിന് ഉറപ്പ് നൽകിയ ഒരു ലക്ഷം രൂപ വീതമോ നൽകിയതായി പറയുന്നില്ല. മരിച്ച പ്രവാസി മലയാളികളുടെ കണക്ക് നോർക്കയുടെ കൈയിൽ ഇല്ലെന്നത് വ്യക്തം. കോവിഡ് ഭീതി ഒഴിഞ്ഞതിനാലും, അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സാധാരണഗതിയിൽ പ്രവർത്തനക്ഷമമായതിനാലും ധനസഹായ വിതരണം നിർത്തലാക്കി എന്ന് നോർക്ക മറുപടി പറയുമ്പോൾ പ്രവാസി ക്ഷേമം പ്രസംഗിക്കുന്ന സർക്കാരിന് ഇവരോട് യാതൊരു പ്രതിബദ്ധതയും ഇല്ലേ എന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.