അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല കൂടിക്കാഴ്ച നടത്തി. ഖസര്‍ അല്‍ ബഹര്‍ മജ്ലിസിലായിരുന്നു കൂടിക്കാഴ്ച. പാര്‍ലമെന്റ് തലമടക്കമുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. അബൂദബി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടതായും ഇന്ത്യന്‍ പ്രവാസി സമൂഹം യു.എ.ഇയുടെ പുരോഗതിക്കു നല്കുന്ന സംഭാവനയെ അദ്ദേഹം അഭിനന്ദിച്ചതായും ഓം ബിര്‍ല പറഞ്ഞു.
അതേസമയം, പാര്‍ലമെന്റിലെ നിയമനിര്‍മാണത്തിന് തങ്ങളുടെ കാഴ്ചപ്പാടുകള്‍ അറിയിക്കണമെന്ന് ഓം ബിര്‍ല ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് ആവശ്യപ്പെട്ടു. അബൂദബിയില്‍ പ്രവാസി സമൂഹത്തോട് സംവദിക്കുകയായിരുന്നു അദ്ദേഹം. നിയമനിര്മാണമെന്നത് ശ്രമകരമാണ്. വിപുല ചര്‍ച്ചകളാണ് ഇതിനായി നടത്തുക. ജനങ്ങളുടെ ക്ഷേമത്തിനായാണ് നിയമം നിര്‍മിക്കുന്നത്. ആയതിനാല്‍ നിയമത്തിന്റെ ചട്ടക്കൂടുകളുണ്ടാക്കുന്നതിനായി നിങ്ങളേവരും ആത്മാര്‍ഥമായ സംഭാവനകള്‍ നല്‍കണം. അവരവരുടെ മണ്ഡലങ്ങളിലെ ജനപ്രതിനിധികളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുകയും ഇന്ത്യയുടെ ഐശ്വര്യസമൃദ്ധിയും വളര്‍ച്ചയും എങ്ങനെ ഉറപ്പുവരുത്താമെന്നതു സംബന്ധിച്ച കാഴ്ചപ്പാടുകള്‍ അവരുമായി പങ്കുവെക്കുകയും വേണമെന്നും ഓം ബിര്‍ല ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ പദവി ഉയര്‍ന്നുവെന്ന് ലോകത്തുടനീളം നടത്തിയ യാത്രയിലൂടെ തനിക്കു മനസ്സിലായിട്ടുണ്ടെന്ന് ഓം ബിര്‍ല പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ അബൂദബി ചാപ്റ്ററും ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രഫഷനല്‍ ഗ്രൂപ്പും സംഘടിപ്പിച്ച ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. കഴിഞ്ഞദിവസമാണ് പാര്‍ലമെന്റ് പ്രതിനിധി സംഘത്തിനു നേതൃത്വം നല്കി ഓം ബിര്‍ല അബൂദബിയിലെത്തിയത്. യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത ഓം ബിര്‍ല ഭീകരതക്കെതിരായ യോജിച്ച മുന്നേറ്റത്തിന് അഭ്യര്‍ഥന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.