ഷാർജ: ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച് അനുസ്മരണം സമ്മേളനം സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി. വായിക്കുംതോറും പഠിക്കുംതോറും ആദരവിന്റെ കടലായി മാറുന്ന അത്ഭുത നേതാവാണ് സി.എച്ച് മുഹമ്മദ് കോയയെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്ര നായകരായ ഇന്ത്യയിലെ പല സുപ്രധാന നേതാക്കളുടെയും നേതൃ ഗുണങ്ങൾ ഒരേ വ്യക്തിയിൽ സമ്മേളിച്ച അപൂർവതയാണ് സി.എച്ച് മുഹമ്മദ് കോയയിൽ കണ്ടത്. ജവഹർ ലാൽ നെഹ്റുവിന്റെ അറിവിനോടുള്ള ജിജ്ഞാസയും മൗലാന അബുൽ കലാം ആസാദിന്റെ വിദ്യാഭ്യാസ വിപ്ലവ ചിന്തകളും ഡോ. അംബേദ്കറിന്റെ അടിസ്ഥാന വർഗത്തിന്റെ പുരോഗതിക്കുള്ള ത്വരയും ശ്രീ നാരായണ ഗുരുവിന്റെ നവോത്ഥാന ചിന്തകളും സി.എച്ചിൽ സമ്മേളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. ടി.കെ അബ്ബാസ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് മുഖ്യാതിഥിയായി. സ്വതന്ത്ര ഭാരതത്തിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ പ്രത്യയശാസ്ത്രം സ്വജീവിതം കൊണ്ട് പ്രകാശിപ്പിച്ച നേതാവാണ് സി.എച്ച് മുഹമ്മദ് കോയയെന്ന് പി.കെ. നവാസ് പറഞ്ഞു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, ഡോ. അരുൺ കുമാറിനും ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.കെ അബ്ബാസ് പി.കെ നവാസിനും ജമാൽ കൊളക്കണ്ടത്തിലിന് ഡോ. അരുൺ കുമാറും ഉപഹാരങ്ങൾ സമ്മാനിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ഷാർജ കെ.എം.സി.സി ഭാരവാഹികളായ മുജീബ് തൃക്കണാപുരം, കെ. അബ്ദുൽ റഹ്മാൻ മാസ്റ്റർ, ടി. ഹാശിം, നസീർ കുനിയിൽ, അബ്ദുല്ല മല്ലച്ചേരി, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അൽ റസിൽ എന്നിവർ പ്രസംഗിച്ചു. കെ.എം.സി.സി കോഴിക്കോട് ജില്ല ആക്ടിങ് ജന. സെക്രട്ടറി ഷമീൽ പള്ളിക്കര സ്വാഗതവും അഷ്റഫ് അത്തോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.