ദുബൈ: അന്തരിച്ച നടൻ മാമുക്കോയയുടെ സ്മരണാർഥം മലബാർ പ്രവാസി (യു.എ.ഇ) സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ പരിപാടി മുൻ കേരള ചീഫ് സെക്രട്ടറിയും കവിയും ചലച്ചിത്ര ഗാനരചയിതാവുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് നാലുമുതൽ ദുബൈ ഖിസൈസിലെ ക്രസൻറ് സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി അരങ്ങേറുക. അഹമ്മദ് അൽ സആബി വിശിഷ്ടാതിഥിയാകും. മാമുക്കോയയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ‘സ്മൃതി പുരസ്കാരം’ ഹാസ്യനടനും സിനിമ-സീരിയൽ ആർട്ടിസ്റ്റുമായ വിനോദ് കോവൂരിന് സമ്മാനിക്കും. മാമുക്കോയയുടെ ജീവചരിത്രം ഉൾക്കൊള്ളിച്ച് രചിച്ച ‘മാമുക്കോയ-ചിരിയുടെ പെരുമഴക്കാലം’ പുസ്തകത്തിന്റെ രചയിതാവ് ബഷീർ രണ്ടത്താണിയെ വേദിയിൽ ആദരിക്കും.
ഡോ. ഖാലിദ് അൽ ബലൂഷി, നടൻ ശങ്കർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും.
മാധ്യമപ്രവർത്തകൻ നാസർ ബേപ്പൂർ തയാറാക്കിയ ഡോക്യുമെന്ററിയും യാസിർ ഹമീദിന്റെ നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറും. പരിപാടിയോടനുബന്ധിച്ച് ചിത്രരചന-കളറിങ് മത്സരവും പായസ മത്സരവും സംഘടിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജമീൽ ലത്തീഫ്, മോഹൻ വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, ഹാരിസ് കോസ്മോസ്, രാജൻ കൊളാവിപാലം, മൊയ്ദു കുറ്റ്യാടി തുടങ്ങിയവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.