ദുബൈ: പാകിസ്താന്റെ മൂന്നിലൊരു ഭാഗവും വെള്ളത്തിൽ മുങ്ങുകയും ആയിരത്തിലേറെ പേർ മരിക്കുകയും ചെയ്ത പ്രളയത്തിൽ സഹായമെത്തിക്കാൻ സൗജന്യ കാർഗോ സേവനവുമായി എമിറേറ്റ്സ് വിമാനക്കമ്പനി. വെള്ളിയാഴ്ച മുതൽ പാകിസ്താനിലേക്ക് പോകുന്ന എല്ലാ വിമാനങ്ങളിലെയും കാർഗോ സേവനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താമെന്ന് കമ്പനി അറിയിച്ചു.
യു.എ.ഇയിലെ വിവിധ പാകിസ്താൻ കൂട്ടായ്മകളും മറ്റും ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളും മറ്റു അടിയന്തര വസ്തുക്കളും ഇത്തരത്തിൽ കറാച്ചി, ഇസ്ലാമാബാദ്, ലാഹോർ, പെഷാവർ, സിയാൽകോട്ട് എന്നിവിടങ്ങളിൽ എത്തിക്കും. പാകിസ്താനിലേക്ക് ആഴ്ചയിൽ 53 ഷെഡ്യൂൾഡ് പാസഞ്ചർ വിമാനങ്ങളാണ് എമിറേറ്റ്സ് സർവിസ് നടത്തുന്നത്.
1985ൽ കറാച്ചിയിലേക്കുള്ള ആദ്യ വിമാനം മുതൽ ഇന്നുവരെയുള്ള സേവനങ്ങളിലൂടെ പാകിസ്താനുമായി ആഴത്തിലുള്ള ബന്ധമാണ് എമിറേറ്റ്സിനുള്ളതെന്ന് കമ്പനി ചെയർമാനും ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹ്മദ് ബിൻ സയീദ് ആൽ മക്തൂം പറഞ്ഞു. പ്രളയക്കെടുതി അനുഭവിക്കുന്ന പാകിസ്താന് അഞ്ചു കോടി ദിർഹം സഹായം കഴിഞ്ഞദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്റെ ഭാഗമായ വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദുരിത ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.