ഷാർജ: സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാലക്കാട് കോൺഗ്രസിൽ നടക്കുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിൽ ഇനിയും പൊട്ടിത്തെറികളുണ്ടാകുമെന്ന മന്ത്രി എം.ബി. രാജേഷിന്റെ അഭിപ്രായം തള്ളിക്കളയുന്നു. സ്വന്തം പാളയത്തിലെ പട ആദ്യം ഒതുക്കിയിട്ടുമതി കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും കാര്യം പറയാനെന്നും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് കേരള സർക്കാറിന്റെ വിലയിരുത്തലാകും. കേരളത്തിലെ ജനാധിപത്യ, മതേതര സംവിധാനം ഇന്ത്യക്കാകെ മാതൃകയാണ്. അടുത്ത കാലത്തായി വർഗീയ, ഫാഷിസ്റ്റുകളുമായി അവിശുദ്ധ ബാന്ധവം ഉണ്ടാക്കിയതിന് തെളിവാണ് പൂരം കലക്കൽ.
അതിന് പാലക്കാട്ടെ ജനം മറുപടി നൽകും. ഉത്തരേന്ത്യയിലെ രാഷ്ട്രീയമല്ല ഇവിടെ വേണ്ടതെന്ന് തെളിയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാകും പാലക്കാട്ടേതെന്നും ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ടെന്നും ശ്രീകണ്ഠൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.