ദുബൈ: പി.സി.ആർ പരിശോധന ഫലങ്ങൾ വൈകുന്നതായ പരാതി കുറക്കാൻ നടപടി സ്വീകരിച്ച് വിവിധ ലാബുകൾ. ചിലയിടങ്ങളിൽ പരിശോധനക്ക് ആവശ്യമായ കൂടുതൽ ക്രമീകരണങ്ങളൊരുക്കിയാണ് വൈകുന്ന പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്. പി.സി.ആർ പരിശോധനകൾക്ക് യു.എ.ഇയിൽ തിരക്കേറിയതോടെ ഫലം ലഭിക്കാൻ രണ്ട് ദിവസത്തിൽ കൂടുതൽ കാത്തിരിക്കേണ്ട സാഹചര്യമായിട്ടുണ്ട്.
നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള യാത്രക്കാരാണ് കൂടുതലായും ഇക്കാരണത്താൽ പ്രയാസപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ ലാബുകൾ 24 മണിക്കൂറിനകം തന്നെ ഫലം നൽകാൻ ശ്രമമാരംഭിച്ചത്. ഇതോടെ വരുംദിവസങ്ങളിൽ തിരക്കു കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലോകത്തുതന്നെ പി.സി.ആർ പരിശോധനക്ക് ഏറ്റവും മികച്ച സൗകര്യങ്ങളുള്ള രാജ്യമാണ് യു.എ.ഇ. പുതുവത്സര അവധിക്കാലം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തിലുണ്ടായ വർധന, കോവിഡ് കേസുകൾ വർധിച്ച സാഹചര്യം, ചിലയിടങ്ങളിൽ സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും പ്രവേശനത്തിന് നെഗറ്റിവ് പി.സി.ആർ ഫലം നിർബന്ധമാക്കിയത് എന്നിവയാണ് പരിശോധകരുടെ എണ്ണം കൂട്ടിയത്. എന്നാൽ, സ്കൂളുകൾ പലതും ഓൺലൈൻ പഠനത്തിലേക്ക് മടങ്ങിയതും യാത്രക്കാരുടെ എണ്ണം കുറഞ്ഞതും വരും ദിവസങ്ങളിൽ തിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധകരുടെ എണ്ണം കുറയുന്നതോടെ സാധാരണ നൽകിവന്ന രീതിയിൽ ഫലം നൽകാൻ കഴിയുമെന്ന പ്രതീക്ഷയാണ് ലാബ് ഉടമകൾ പങ്കുവെക്കുന്നത്.
അതിനിടെ പരിശോധന ഫലങ്ങൾ കിട്ടാൻ വൈകിയതുകാരണം മലയാളികളടക്കം ചിലരുടെ യാത്ര മുടങ്ങാനും മാറ്റിവെക്കാനും കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും പരമാവധി നേരത്തേ പരിശോധന നടത്തി യാത്രക്ക് തയാറാകുന്നതാണ് പ്രവാസികൾക്ക് അനുയോജ്യം. 72 മണിക്കൂറിനിടയിലെ പി.സി.ആർ ഫലമാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ആവശ്യം. നിലവിൽ മിക്ക ലാബുകളും 36 മണിക്കൂറിനുള്ളിൽതന്നെ സാധാരണ പരിശോധനകൾക്ക് റിസൽട്ട് നൽകുന്നുണ്ട്. ചാർജ് കൂടുതലുള്ള പരിശോധനകൾക്ക് കുറഞ്ഞ സമയത്തിൽ ഫലം നൽകുന്ന സംവിധാനവും പല ലാബുകളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.