അജ്മാന്: അജ്മാനില്‍ വാഹനമോടിക്കുന്നവര്‍ ഇനിമുതല്‍ കൂടുതല്‍ ശ്രദ്ധിക്കണം. അശ്രദ്ധയോടെ വാഹനമോടിച്ചാല്‍ മാത്രമല്ല നിർത്തിയിട്ടാലും പണി പാളും. പഴയ അജ്മാനല്ല പുതിയ അജ്മാന്. ഗതാഗത നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. പാര്‍ക്കിങ് മേഖലകളില്‍ പരിശോധനക്കായി മുന്‍പ് ഉദ്യോഗസ്ഥരായിരുന്നെങ്കില്‍ പല മേഖലകളിലും സ്മാര്‍ട്ട് സംവിധാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇവിടങ്ങളില്‍ പരിശോധിക്കുന്നത് സ്മാര്‍ട്ട് കാമറകളാണ്. രണ്ട് തരത്തിലുള്ള കാമറകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. പാർക്കിങ് പ്രദേശത്ത് സ്ഥിരമായി സ്ഥാപിച്ച കാമറകള്‍ കൂടാതെ വാഹനത്തിന് മുകളില്‍ കാമറകള്‍ സ്ഥാപിച്ച സംവിധാനങ്ങളും ഈ പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തും. പാർക്കിങ് പ്രദേശത്ത് പരിശോധകന് ഇല്ല എന്ന ധാരണയില്‍ വാഹനം പാര്‍ക്ക് ചെയ്ത് പോകുന്നവര്‍ ഇത്തരം കാമറകളില്‍ കുടുങ്ങും.
പേ പാര്‍ക്കിംഗിനായി നിശ്ചയിച്ച മേഖലകളില്‍ വാഹനം പ്രവേശിക്കുമ്പോള്‍ ഈ സ്മാര്‍ട്ട് കാമറകള്‍ നിരീക്ഷിക്കും. മേഖലയില്‍ പ്രവേശിച്ച് പണം അടക്കാതെ പത്ത് മിനുട്ടില്‍ കൂടുതല്‍ തങ്ങുന്നവര്‍ക്ക് കാമറകള്‍ വഴി പിഴ വീഴും. ആളെയോ സാധനങ്ങളോ കയറ്റി ഇറക്കുന്നതിനായാലും പത്ത് മിനുട്ടില്‍ കൂടുതല്‍ തങ്ങുന്നവര്‍ക്ക് 150 ദിര്‍ഹം പിഴ ലഭിക്കും. വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നാലും നിശ്ചിത സമയം കഴിഞ്ഞാല്‍ പിഴ വീഴും. അജ്മാനിലെ ശൈഖ് ഹുമൈദ് ബിൻ അൽ റാഷിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് ബിൻ ഹുമൈദ് സ്ട്രീറ്റ്, ഗോള്‍ഡ് സൂക്ക് പാർക്കിങ്, മുഹമ്മദ് സേലം ബു ഖമീസ് സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് നിലവില്‍ ഈ നിയമം നടപ്പിലാക്കിയത്. താമസിയാതെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നാണ് അറിവ്. അജ്മാന് നഗരസഭയുടെ ആപ്ലിക്കേഷന്‍ വഴിയോ എസ്.എം.എസ് വഴിയോ ഈ മേഖലകളില്‍ പാര്‍ക്കിങിനുള്ള പണം അടക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പുതിയ നിയമം അറിയാത്ത മറ്റു എമിറേറ്റുകളില്‍ നിന്നുള്ളവരടക്കം നിരവധി യാത്രക്കാരാണ് അടുത്തിടെ പിഴക്ക് വിധേയരായത്. റോഡ് മുറിച്ച് കടക്കുന്നതിന് കാല്‍നട യാത്രികര്‍ക്കായി നിശ്ചയിച്ച മേഖലകളില്‍ പുതിയ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ റോഡ് മുറിച്ച് കടക്കാൻ കാത്ത് നില്ക്കവേ അവരെ പരിഗണിക്കാതെ വാഹനം നിര്‍ത്താതെ കടന്നു പോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാൻ പ്രത്യേക കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ സ്ഥാപിച്ച മുന്‍കരുതലുകള്‍ മനസ്സിലാക്കാതെ പാഞ്ഞുപോകുന്നവര്‍ക്ക് പിഴ ലഭിക്കും. അതോടൊപ്പം രജിസ്ട്രേഷന് കാലാവധി കഴിഞ്ഞ വാഹനവുമായി അജ്മാനിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഏഴു ദിവസം വാഹനം പിടിച്ചിടലും അഞ്ഞൂറ് ദിര്‍ഹം പിഴയും ലഭിക്കും. ഇതിനായി അജ്മാന് അതിര്‍ത്തികളില്‍ പ്രത്യേക സംവിധാനങ്ങളോട് കൂടിയ കാമറകളും കാമറകളോട് കൂടിയ ഗെയിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
മോട്ടോര്‍ സൈക്കിളുകാർക്ക് നിർദേശങ്ങളുമായി പൊലീസ്
അജ്മാന്: മോട്ടോര്‍ സൈക്കിള്‍ സുരക്ഷാ ബോധവല്‍ക്കരണവുമായി അജ്മാന് പൊലീസ്. മോട്ടോർ സൈക്കിൾ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ നടപ്പാക്കുന്നതെന്ന് അജ്മാൻ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ മേജർ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നുണ്ടോ, ടയറുകളുടെയും ബ്രേക്കുകളുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ടോ എന്ന് ക്യാമ്പയിന്റെ ഭാഗമായി ഉറപ്പ് വരുത്തും.
സമീപകാലത്ത് വ്യാപകമായ മോട്ടോർസൈക്കിൾ ഉപയോക്താക്കൾക്ക്, ഡെലിവറി കമ്പനികളുടെ പ്രതിനിധികൾക്ക്, ഹെൽമെറ്റും ഉചിതമായ വസ്ത്രവും ധരിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ ബോധവൽക്കരണ സന്ദേശങ്ങൾ എത്തിക്കാനാണ് ലക്ഷ്യമെന്ന് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കൂട്ടിച്ചേർത്തു. സുരക്ഷിതമായ ഡ്രൈവിങ് ഉറപ്പാക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും മോട്ടോർ സൈക്കിൾ യാത്രക്കാരുടെ ജീവൻ അപകടത്തിൽപ്പെടാതിരിക്കാൻ ഒരു ലെയിനിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ പരമാവധി ശ്രദ്ധിക്കാനും റോഡ് ഉപയോക്താക്കളോട് മേജർ റാഷിദ് ബിൻ ഹിന്ദി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.