ദുബൈ: എമിറേറ്റിന്റെ ഗതാഗത വികസനത്തിന് കരുത്തുപകരുന്ന അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയുടെ നാലാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി നാലാംഘട്ടത്തിന്റെ ആദ്യ കരാർ 80 കോടി ദിർഹമിന് നൽകി. നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനവും ജനസംഖ്യ വളർച്ചയും പരിഗണിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് സുപ്രധാന പദ്ധതിയുടെ നാലാംഘട്ടത്തിന് തുടക്കമായത്.
ഈ ഘട്ടത്തിൽ ശൈഖ് റാശിദ് റോഡിൽ, ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ കവല മുതൽ അൽ മിന റോഡിലെ ഫാൽക്കൺ ഇന്റർചേഞ്ച് വരെ 4.8 കിലോമീറ്റർ നീളത്തിലാണ് വികസനപ്രവർത്തനങ്ങൾ നടക്കുക. മൊത്തം 3.1 കി.മീറ്റർ നീളത്തിൽ മൂന്നു പാലങ്ങളുടെ നിർമാണം ഇതിൽ ഉൾപ്പെടും. മണിക്കൂറിൽ 19,400 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കും പാത.
തിരക്കേറിയ ഭാഗങ്ങളിൽ ഗതാഗതം എളുപ്പമാക്കുന്നതാണ് പദ്ധതിയെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ജനറൽ മത്വാർ അൽ തായർ പറഞ്ഞു. പുതിയ പദ്ധതി റോഡുകളുടെ ശേഷിയും കാര്യക്ഷമതയും കൂടാതെ ഗതാഗതസുരക്ഷയും വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചു ഘട്ടങ്ങളായാണ് നിലവിൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. നഗരത്തിലെ പ്രധാന ഭാഗങ്ങളായ ദേര, ബർ ദുബൈ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ എളുപ്പമാക്കുന്നതോടൊപ്പം, ദേര ദ്വീപുകൾ, ദുബൈ സീഫ്രണ്ട്, ദുബൈ മാരിടൈം സിറ്റി, പോർട്ട് റാഷിദ് തുടങ്ങിയ സമീപ പ്രദേശങ്ങൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി പൂർണമായും പൂർത്തിയാകുന്നതോടെ 2030ൽ യാത്രാസമയം 104 മിനിറ്റിൽനിന്ന് 16 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഷിന്ദഗ ഇടനാഴി വികസനത്തിലെ പ്രധാനപ്പെട്ട പദ്ധതികൾ നേരത്തേതന്നെ പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത ഇൻഫിനിറ്റി പാലം ഇതിന്റെ ഭാഗമായിരുന്നു. ഏകദേശം 295 മീറ്റർ നീളവും കാൽനടയാത്രക്കാർക്കും സൈക്കിൾയാത്രക്കാർക്കുമായി മൂന്നു മീറ്റർ വീതിയുള്ള ഒരു ട്രാക്കിനു പുറമെ ഓരോ ദിശയിലും ആറു പാതകൾ ഉൾക്കൊള്ളുന്ന പാലം തുറന്നത് മേഖലയിലെ ഗതാഗതരംഗത്ത് വലിയ മാറ്റമാണ് സൃഷ്ടിച്ചത്. 5.3 ബില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന അൽ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതി നിലവിൽ ആർ.ടി.എ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.