ദുബൈ: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിനായി ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്ത് യു.എ.ഇ നിർമിച്ച ഫ്ലോട്ടിങ് ആശുപത്രിയിൽ ഫിസിയോതെറപ്പി ഡിപ്പാർട്ട്മെന്റ് ആരംഭിച്ചു. ഗസ്സക്ക് സഹായമെത്തിക്കാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ് 3’ സംരംഭത്തിന്റെ ഭാഗമായാണ് പുതിയ സൗകര്യം ഒരുക്കിയത്.
കൃത്രിമ കാലുകളുള്ളവർക്കും സന്ധി മാറ്റിവെക്കൽപോലുള്ള ശസ്ത്രക്രിയകൾ നടത്തിയ രോഗികൾക്കും പ്രതിദിന വൈദ്യസഹായം നൽകുകയാണ് ഫിസിയോതെറപ്പി വകുപ്പിന്റെ ലക്ഷ്യം. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിൽ യു.എ.ഇയുടെ മാനുഷിക പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
തുടക്കത്തിൽ 60 രോഗികൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. ഭാവിയിൽ സൗകര്യം വിപുലമാക്കാനും പദ്ധതിയുണ്ട്. യു.എ.ഇ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള യോഗ്യരായ മെഡിക്കൽ, ടെക്നിക്കൽ, നഴ്സിങ് സംഘമാണ് ഫിസിയോതെറപ്പി യൂനിറ്റിൽ സേവനം നൽകുന്നത്.
ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി ഏറ്റവും പുതിയ ഫിസിയോതെറപ്പിക് സാങ്കേതിക വിദ്യകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇത് ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താനും കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ പുനരധിവാസ ചികിത്സകൾ നൽകാനും ലക്ഷ്യമിടുന്നു. കുറഞ്ഞ സെഷനുകളിൽ മികച്ച ഫലങ്ങൾ നേടാൻ രോഗികളെ സഹായിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.