ദുബൈ: തിരക്കേറിയ എമിറേറ്റ്സ് റോഡിന് നടുവിൽ നിർത്തിയിട്ട പിക്-അപ് വാഹനത്തിലേക്ക് കാർ ഇടിച്ചതിനെ തുടർന്ന് സ്വദേശി യുവാവിന് ഗുരുതര പരിക്കേറ്റു. മറ്റൊരു വാഹനവുമായി ചെറിയ അപകടമുണ്ടായതിനെ തുടർന്നാണ് പിക്-അപ് വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടതെന്ന് ഒരു അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ, അപകടത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ വാഹനം സുരക്ഷിതമായി റോഡിന് പുറത്ത് പാർക്ക് ചെയ്തതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
കാർ ഓടിച്ചിരുന്ന എമിറാത്തി യുവാവ് റോഡിൽ വാഹനം നിർത്തിയിട്ടിരുന്നത് ശ്രദ്ധിച്ചില്ല. തുടർന്ന് വളരെ വേഗത്തിലെത്തിയ കാർ പിക്-അപ് വാഹനത്തിലിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡിന് നടുവിൽ വാഹനം നിർത്തുന്നത് ഗുരുതരമായ ലംഘനമാണെന്നും ഇത്തരം തെറ്റുകൾ ചെയ്യുന്നവർ അപകടത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാർട്മെൻറ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സെയ്ഫ് മഹിർ അൽ മസ്രൂയി പറഞ്ഞു. വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കുന്ന അപകടത്തെക്കുറിച്ച് വാഹനമോടിക്കുന്നവരുടെ അവബോധം വളർത്താൻ ദുബൈ പൊലീസ് നിരവധി പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. എന്നിട്ടും ഇത്തരം നിയമലംഘനങ്ങൾ നിരവധി പേർക്ക് ജീവഹാനി സംഭവിക്കുന്നതിനും ഗുരുതരമായി പരിക്കേൽക്കുന്നതിനും കാരണമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം ഒരിക്കലും പ്രധാന റോഡിൽ ഉപേക്ഷിക്കരുതെന്ന് അൽ മസ്രൂയി ആവശ്യപ്പെട്ടു. വാഹനമോടിക്കാൻ കഴിയുന്നില്ലെങ്കിൽ പൊലീസിനെ വിളിക്കണമെന്നും അതിനാൽ പട്രോളിങ്ങിന് പ്രദേശം സുരക്ഷിതമാക്കാനും അപകടങ്ങൾ ഒഴിവാക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.