ദുബൈ: ജനങ്ങളെ ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തുന്ന ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ പശ്ചിമേഷ്യയിൽ ഒന്നാമതെത്തി ദുബൈ നഗരം. ആഗോളതലത്തിൽ ദുബൈ എട്ടാം സ്ഥാനത്തുണ്ട്. പട്ടികയിൽ ഇടംനേടിയ ഏക ഗൾഫ് നഗരവും ദുബൈയാണ്. ജനങ്ങളെയും നിക്ഷേപങ്ങളെയും സംരംഭങ്ങളെയും ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തി ജപ്പാനിലെ നഗരാസൂത്രണ പഠന സ്ഥാപനമായ മോറി ഫൗണ്ടേഷൻ ആഗോളതലത്തിൽ തയാറാക്കുന്ന പട്ടികയാണ് ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ്. ലണ്ടൻ, ന്യൂയോർക്, ടോക്യോ എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാർ.
കഴിഞ്ഞവർഷത്തേക്കാൾ മൂന്നു സ്ഥാനം മുന്നേറിയാണ് ദുബൈ ഇത്തവണ ആഗോളതലത്തിൽ എട്ടാമതെത്തിയത്. സൂചികയുടെ ആദ്യപത്തിൽ ഇടംലഭിച്ച ഏക പശ്ചിമേഷ്യൻ നഗരം ദുബൈയാണ്. 48 രാജ്യങ്ങളുടെ പട്ടികയിൽ മേഖലയിൽനിന്ന് കൈറോയും തെൽഅവീവും ഇടം നേടിയപ്പോൾ, ഇന്ത്യയിൽനിന്ന് മുംബൈ നഗരം പട്ടികയിൽ നാൽപത്തിയെട്ടാമതായി ഉൾപ്പെട്ടിട്ടുണ്ട്.
പട്ടികയിലെ ഉപവിഭാഗങ്ങളായ കോർപറേറ്റ് ടാക്സ്, തൊഴിൽമാറ്റ സാധ്യത, കുറഞ്ഞ തൊഴിലില്ലായ്മ, നഗരത്തിന്റെ ശുചിത്വം എന്നിവയിൽ ദുബൈ ഒന്നാം സ്ഥാനത്തുണ്ട്. ആഡംബര ഹോട്ടലുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും അന്താരാഷ്ട്ര ചരക്കുഗതാഗതത്തിൽ നാലാം സ്ഥാനവും ദുബൈ സ്വന്തമാക്കി. നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സർവിസ്, സാംസ്കാരിക പരിപാടികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയുടെ കാര്യത്തിൽ ദുബൈ അഞ്ചാം സ്ഥാനത്തുണ്ട്. പട്ടികയിലെ ദുബൈയുടെ നേട്ടങ്ങളെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അഭിനന്ദിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകളാണ് ഈ നേട്ടത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്ന ഒരു സുസ്ഥിര വികസന മാതൃകയായി ദുബൈയെ മാറ്റാനുള്ള ശ്രമങ്ങൾ തുടരാൻ ദുബൈയിലെ സ്വകാര്യ-പൊതുമേഖലകളോട് ശൈഖ് ഹംദാൻ ആവശ്യപ്പെട്ടു. ഒരു ആഗോള സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ദുബൈയുടെ സ്ഥാനവും പങ്കും ഉറപ്പിക്കുന്നതിന്, ലോകോത്തര തൊഴിൽ അന്തരീക്ഷം നാം വളർത്തിയെടുക്കണം.
മികവിനോട് കാണിക്കുന്ന പ്രതിബദ്ധത സമഗ്രമായ വികസനത്തിന് ഉത്തേജനം നൽകുകയും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിക്ക് സഹായിക്കുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക, ടൂറിസം, ട്രാവൽ മേഖലകളിൽ ലോകത്തെ വിവിധ സർവേകളിൽ നേരത്തേയും ദുബൈ മുന്നിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.