ദുബൈ: വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യയിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ അതതു സംസ്ഥാന സർക്കാറുകളിൽ നിന്ന് ആദ്യം അനുമതി തേടണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്. പുതിയ ഉത്തരവ് ചാർട്ടഡ് വിമാനങ്ങൾ നിലക്കുന്നതിന് കാരണമാകുമെന്ന് ആശങ്കയുയർന്നു. ഗൾഫ് മേഖല, സൗത്ത് ഇൗസ്റ്റ് ഏഷ്യ, ആസ്ട്രേലിയ, വെസ്റ്റ് യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കാണ് നിബന്ധന.
ഏതു വിധേനയും നാടണയാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയാവുന്നതാണ് നിബന്ധന. കോവിഡ് സർട്ടിഫിക്കറ്റ് എന്ന നിബന്ധനക്കെതിരെ രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങളുയർന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ഉത്തരവ്. സംസ്ഥാന സർക്കാറുകൾ പരിശോധിച്ച് ആവശ്യമായ ക്വാറൻറീൻ സൗകര്യം ഉൾപ്പെടെ സംവിധാനങ്ങളുണ്ട് എന്ന് ഉറപ്പാക്കിയേ അപേക്ഷ അനുവദിക്കൂ എന്ന് ഉത്തരവിൽ പറയുന്നു.
വിമാനം ചാർട്ടർ ചെയ്യുന്നതിനുള്ള താൽപര്യം, യാത്രികരുടെ പട്ടിക എന്നിവ സഹിതമാണ് സംസ്ഥാന സർക്കാറിന് അപേക്ഷ നൽകേണ്ടത്. ഒപ്പം നയതന്ത്രകാര്യാലയത്തിലും അപേക്ഷ നൽകണം. സംസ്ഥാന സർക്കാറിൽ നിന്ന് രേഖാമൂലം ലഭിക്കുന്ന അനുമതിയും നയതന്ത്ര കാര്യാലയത്തിെൻറ നിരാക്ഷേപ പത്രവും ചേർത്താണ് ചാർട്ടർ ചെയ്യുന്നവർ വിദേശകാര്യമന്ത്രാലയത്തെ സമീപിക്കേണ്ടത്. സംസ്ഥാനത്തിെൻറ അനുമതി ലഭിച്ച ചാർട്ടേഡ് വിമാനത്തിന് ബന്ധപ്പെട്ട രാജ്യങ്ങളുടെ ക്ലിയറൻസ് കിട്ടാൻ എംബസികളെയും കോൺസുലേറ്റുകളെയും സമീപിക്കാം.
വിമാനം ചാർട്ടർ ചെയ്യുന്നതിന് നയതന്ത്ര കാര്യാലയങ്ങളെ നേരിട്ടു സമീപിക്കാെമന്നതായിരുന്നു നിലവിലെ സ്ഥിതി. അവിടെ നിന്ന് അനുമതി ലഭിച്ചാലുടൻ വിദേശകാര്യ മന്ത്രാലയത്തെയും. മൂന്നു ദിവസം കൊണ്ട് അനുമതി ലഭിക്കുന്ന സാഹചര്യമായിരുന്നു നിലവിൽ. എന്നാൽ പുതിയ ഉത്തരവ് വന്നതോടെ ചാർട്ടറിങ് കൂടുതൽ സങ്കീർണമാകാനാണിട. ചാർട്ടേഡ് വിമാനങ്ങളുടെ അപേക്ഷ സ്വീകരിക്കുന്നത് രണ്ട് ദിവസത്തിനകം ഗൾഫിലെ നയതന്ത്ര കേന്ദ്രങ്ങൾ നിർത്തിയേക്കും എന്നാണ് വിവരം.
സമയനഷ്ടവും അനിശ്ചിതത്വവുമുള്ളതിനാൽ പ്രഖ്യാപിച്ച ചാർട്ടേഡ് വിമാന പദ്ധതികളിൽ നിന്ന് പലരും പിൻമാറാനും സാധ്യതയുണ്ട്. ഇതോടെ ചാർേട്ടഡ് വിമാനം വഴിയെങ്കിലും നാടണയാമെന്ന പ്രവാസികളുടെ പ്രതീക്ഷയും അസ്ഥാനത്താവുകയാണ്.
തയാറാക്കിയത്: സവാദ് റഹ്മാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.