ദുബൈ: റമദാനോടനുബന്ധിച്ച് 587 തടവുകാർക്ക് മോചനം നൽകാൻ ദുബൈ സർക്കാർ തീരുമാനിച്ചു. യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഉത്തരവ് പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ചയാണുണ്ടായത്. ചെയ്തുപോയ തെറ്റുകൾക്ക് പശ്ചാത്തപിച്ച് കുടുംബത്തോടും സമൂഹത്തോടുമൊപ്പം പുതിയ ജീവിതം തുടങ്ങാനുള്ള അവസരമാണ് ശൈഖ് മുഹമ്മദ് തടവുകാർക്ക് നൽകിയിരിക്കുന്നതെന്ന് ദുബൈയുടെ അറ്റോർണി ജനറൽ ഇസാം ഇൗസ അൽ ഹുമെയ്ദാൻ പറഞ്ഞു. രാജ്യം പുലർത്തുന്ന സഹിഷ്ണുതയുടെ ഉദാഹരണമാണ് ഇൗ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാപ്പ് ലഭിച്ചവർ പഴയ ജീവിതത്തിലേക്ക് മടങ്ങരുതെന്നും അദ്ദേഹം ഒാർമിപ്പിച്ചു. തടവുകാരുടെ മോചനം റമദാന് മുമ്പ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ആരംഭിച്ചിട്ടുണ്ടെന്നും അൽ ഹുമെയ്ദാൻ പറഞ്ഞു. റമദാന് മുമ്പ് 3005 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. ഇതിെൻറ തുടർച്ചയായാണ് ദുബൈ ജയിലുകളിൽ നിന്ന് 587 പേരെ മോചിപ്പിക്കുന്നത്. നേരത്തെ ഷാർജയിൽ നിന്ന് 377തടവുകാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും റാസൽ ഖൈമയിൽ നിന്ന് 306 തടവുകാരെ മോചിപ്പിക്കാൻ റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി എന്നിവർ ഉത്തരവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.