ദുബൈ: ഖത്തർ ലോകകപ്പ് കാണാനായി യു.എ.ഇയിൽനിന്ന് ഓരോദിവസവും പോകുന്നതിന് തയാറെടുത്ത് സ്വകാര്യ ജെറ്റുകളും. നേരത്തെ കളി നടക്കുന്ന ദിവസങ്ങളില വിവിധ വിമാനക്കമ്പനികൾ ഷട്ടിൽ സർവിസുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണിപ്പോൾ പ്രൈവറ്റ് ജെറ്റ് ഓപറേറ്റർമാരും സർവിസുകൾ പ്രഖ്യാപിച്ചത്. മത്സരദിനങ്ങളിൽ 2500 സർവിസുകൾ നടത്തുമെന്ന് ദുബൈയിലെ ജെടെക്സ് കമ്പനി കഴിഞ്ഞദിവസം വെളിപ്പെടുത്തി. ധാരാളം ആളുകൾ ജെറ്റ് സേവനത്തിനായി ബന്ധപ്പെടുന്നുണ്ടെന്ന് കമ്പനിവൃത്തങ്ങൾ അറിയിച്ചു. ജെടെക്സ് അല്ലാത്ത കമ്പനികളും ജെറ്റ് സർവിസ് നടത്താൻ ഒരുങ്ങുന്നുണ്ട്.
സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്ന നാലോ ആറോ യാത്രക്കാർക്ക് വിമാനത്തിന്റെ തരവും വലുപ്പവും അനുസരിച്ച് വൺ-വേ ഏകദേശം 66,000 ദിർഹം മുതൽ മുകളിലേക്ക് ചെലവ് വരും. സാധാരണ വിമാനങ്ങളിലെ യാത്രക്ക് ഒരാൾക്ക് 1000 മുതൽ 4000വരെ ദിർഹമാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസാണെങ്കിൽ 12,000വരെ ചെലവ് പ്രതീക്ഷിക്കാം. നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ലോക കായികമാമാങ്കത്തിന് 12 ലക്ഷം ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ദുബൈ, ഷാർജ എന്നിവിടങ്ങളിൽനിന്ന് ദോഹയിലേക്ക് എയർ അറേബ്യയും ഫ്ലൈ ദുബൈയും ലോകകപ്പ് ദിനങ്ങളിൽ 45ലധികം ഷട്ടിൽ സർവിസ് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണദിവസങ്ങളിൽ അബൂദബിക്കും ദോഹക്കും ഇടയിൽ 18 പ്രതിവാര വിമാന സർവിസ് നടത്തുന്ന ഇത്തിഹാദ് എയർവേസ് ലോകകപ്പ് സമയത്ത് 42 സർവിസുകളാണ് ആസൂത്രണം ചെയ്തത്. മത്സരങ്ങളുടെ നാലു മണിക്കൂർ മുമ്പ് ഖത്തറിൽ എത്തുകയും മത്സരം കഴിഞ്ഞ് നാലു മണിക്കൂറിന് ശേഷം മടങ്ങുകയും ചെയ്യുന്നരീതിയിലാണ് യാത്ര. ലോകകപ്പ് കാലത്ത് മാച്ച് ടിക്കറ്റും ടൂറിസ്റ്റ് വിസയും കൈയിലുള്ളവർക്ക് മാത്രമാണ് ഖത്തറിലേക്ക് യാത്രാനുമതിയുള്ളത്. ലോകകപ്പ് അടുക്കുംതോറും യു.എ.ഇയിൽ താമസിച്ച് മത്സരങ്ങൾ കാണാൻ പോകാൻ ആഗ്രഹിക്കുന്ന രാജ്യാന്തര ഫുട്ബാൾ ആരാധകരുടെ ഹോട്ടൽ മുറികൾക്കുള്ള ആവശ്യം വർധിച്ചിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളിൽ ലോകകപ്പ് ദിവസങ്ങളിലേക്ക് ബുക്കിങ്ങിന് ഇപ്പോൾ തന്നെ തിരക്ക് ആരംഭിച്ചു. ഖത്തറിൽ ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയതിനാൽ അടുത്ത ഓപ്ഷൻ എന്നനിലയിലാണ് ദുബൈയെ തിരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.