ഷാർജ: എമിറേറ്റിലെ സ്വകാര്യ സ്കൂളുകളെ നിയന്ത്രിക്കുന്ന ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റിയുടെ (എസ്.പി.ഇ.എ) സ്കൂളുകളെ വിലയിരുത്തുന്ന ‘ഇത്ഖാൻ’ പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഫലം പ്രഖ്യാപിച്ചു. 2023-2024 അധ്യയന വർഷത്തെ ഫലങ്ങളിൽ കൂടുതൽ സ്കൂളുകൾ മികവ് പുലർത്തി.
ഒമ്പത് വ്യത്യസ്ത പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്വകാര്യ സ്കൂളുകളുടെ പ്രകടനമാണ് പദ്ധതിയിൽ വിലയിരുത്തിയത്. മൊത്തം 78,638 വിദ്യാർഥികൾ വിലയിരുത്തലിൽ ഉൾപ്പെട്ടിരുന്നു. മുൻ വർഷങ്ങളെക്കാൾ സ്കൂളുകളുടെ പ്രവർത്തന മികവ് വർധിച്ചതായാണ് വിലയിരുത്തൽ ഫലങ്ങൾ വെളിപ്പെടുത്തുന്നത്. 2018ലും 2019ലും നടത്തിയ വിലയിരുത്തലിന്റെ ഫലങ്ങളെ അപേക്ഷിച്ച് പുതിയ ഫലങ്ങളിൽ സ്കൂളുകളുടെ പ്രകടനം 80 ശതമാനം വരെ ഗുണപരമായി മാറിയിട്ടുണ്ട്. എമിറേറ്റിലെ ഒരു സ്കൂൾ പോലും ‘ദുർബല’മാണെന്ന് ഫലത്തിൽ കണ്ടെത്താനായിട്ടില്ല. ‘സ്വീകാര്യ’മായതോ അതിന് മുകളിലുള്ളതോ ആയ സ്ഥാനങ്ങളാണ് സ്കൂളുകൾ കരസ്ഥമാക്കിയത്.
‘ഔട്ട്സ്റ്റാൻഡിങ്’ എന്ന കാറ്റഗറിയിൽ ഏറ്റവും മികവ് പുലർത്തിയ സ്കൂളുകളായി റേറ്റിങ് നേടിയത് ഒരു സ്കൂൾ മാത്രമാണ്. അതേസമയം ‘വെരി ഗുഡ്’ റേറ്റിങ് ഒമ്പത് സ്കൂളുകളും ‘ഗുഡ്’ റേറ്റിങ് 79 സ്കൂളുകളും ‘ആക്സപ്റ്റബ്ൾ’ റേറ്റിങ് 38 സ്കൂളുകളും കരസ്ഥമാക്കി. മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന വിദ്യാർഥികളുടെ എണ്ണം മുൻ ഫലങ്ങളിലെ 25,351ൽ നിന്ന് 1,45,042 ആയി ഉയർന്നിട്ടുണ്ട്.
‘ഇത്ഖാൻ’ പദ്ധതിയുടെ ഫലങ്ങളിൽ അഭിമാനമുണ്ടെന്ന് എസ്.പി.ഇ.എ ചെയർപേഴ്സൺ ഡോ. മുഹദ്ദിദ അൽ ഹാശിമി പറഞ്ഞു. ഷാർജയിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കിയ അതോറിറ്റിയുടെ തന്ത്രപരമായ കാഴ്ചപ്പാടിന്റെയും പദ്ധതികളുടെയും നേട്ടമാണ് വിലയിരുത്തലിൽ പ്രതിഫലിപ്പിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു. സ്കൂൾ അഡ്മിനിസ്ട്രേഷനുകൾക്കും രക്ഷിതാക്കൾക്കും ഈ വിജയത്തിന് സംഭാവന നൽകിയ എല്ലാവർക്കും നന്ദി പ്രകടിപ്പിക്കുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.