അബൂദബി: കുവൈത്ത് പൊലീസിന്റെ സഹായത്തോടെ യു.എ.ഇയിലെ മയക്കുമരുന്ന് വിരുദ്ധസേന നടത്തിയ പരിശോധനയിൽ അജ്മാനിൽനിന്ന് 27,50,000 മയക്കുമരുന്ന് ഗുളികകൾ പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. കുവൈത്ത് വിമാനത്താവളത്തിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് 10 ലക്ഷം മയക്കുമരുന്ന് ഗുളികകളുമായി രണ്ടു പേർ അറസ്റ്റിലായിരുന്നു. വേദനസംഹാരി ഗുളികകളാണ് കണ്ടെത്തിയത്.
ഇവരിൽനിന്ന് ലഭിച്ച വിവരങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം യു.എ.ഇക്ക് കൈമാറുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം അജ്മാനിൽനിന്ന് വൻ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. യു.എ.ഇയിലേക്കുള്ള മയക്കുമരുന്ന് കടത്തുസംഘങ്ങളെ വിജിലൻസ് കൺട്രോൾ യൂനിറ്റ് നിരീക്ഷിച്ചുവരുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഫെഡറൽ ഡ്രഗ് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് അബ്ദുല്ല അൽ സുവൈദി പറഞ്ഞു.
ക്രിമിനൽ ശൃംഖലകളുടെ ധനസ്രോതസ്സുകൾ അവസാനിപ്പിക്കുന്നതിനും അവരുടെ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിലുള്ള കൺട്രോൾ ഏജൻസിയുടെ കഴിവിനെ അദ്ദേഹം അഭിനന്ദിച്ചു.
ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്താനായി തുടരുന്ന സഹകരണത്തിനും പ്രയത്നങ്ങൾക്കും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.