ദുബൈ: ലൈസൻസില്ലാതെ ഖുർആൻ പഠനം നടത്തുന്ന ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി യു.എ.ഇ അധികൃതർ. ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ ഖുർആൻ പഠന കേന്ദ്രങ്ങൾ സ്ഥാപിക്കാനോ നടത്താനോ പാടില്ല. യു.എ.ഇ നിയമ പ്രകാരം ലൈസൻസില്ലാതെ ഖുർആൻ പഠന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതും നടത്തുന്നതും രണ്ടുമാസത്തിൽ കുറയാത്ത ജയിൽ ശിക്ഷയോ 50,000 ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഖുർആൻ പഠനം വാഗ്ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സകാത്ത് ജനങ്ങൾക്ക് പ്രത്യേക മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
യുവതലമുറയെ സംരക്ഷിക്കുന്നതിന് മത വിദ്യാഭ്യാസത്തിന്റെ കൃത്യതയും അനുഗുണവും ഉറപ്പാക്കേണ്ടത് പ്രധാനമാണെന്ന് ഇസ്ലാമിക് അഫയേഴ്സ് സമിതി പ്രസ്താവനയിൽ വ്യക്തമാക്കി.
ഖുർആൻ പഠന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പല ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും മതിയായ യോഗ്യതയില്ലാത്തതും മത വിദ്യാഭ്യാസത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതുമാണ്. ഇത് ഇസ്ലാമിന്റെ തത്ത്വങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ തെറ്റായ ധാരണ ഉണ്ടാക്കുന്നതിനും ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നതിനും ഇടയാക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തുവന്നത്.
അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരുകയാണെന്നും അധികൃതർ അറിയിച്ചു.
ഇത്തരം പ്ലാറ്റ്ഫോമുകൾ ഇറക്കുന്ന പരസ്യങ്ങളിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധികാരികളെ അറിയിക്കണം. യോഗ്യതയില്ലാതെ മതപരമായ പഠനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെ തടയുന്നതിന് ഇത് സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ആർക്കെല്ലാം പഠിപ്പിക്കാം
അധ്യാപകന് 21 വയസ്സ് വേണം
നല്ല സ്വഭാവത്തിന് ഉടമയായിരിക്കണം
ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടവരാകരുത്
ആരോഗ്യവാനായിരിക്കണം
മുൻപരിചയം ഉണ്ടായിരിക്കണം
ഇതുമായി ബന്ധപ്പെട്ട ടെസ്റ്റുകളും ഇന്റർവ്യൂവും പാസാകണം
ലൈസൻസ് നേടുന്നതിന്
നിയമപ്രകാരമുള്ള നിശ്ചിത സാങ്കേതിക, ആരോഗ്യ നിർദേശങ്ങൾ പാലിച്ചിരിക്കണം
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സൗകര്യങ്ങൾ വേണം
ലൈസൻസിന് ആവശ്യമായ രേഖകൾ ഹാജരാക്കണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.