ഷാർജ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ സംവിധാനമൊരുക്കി ഷാർജ പൊലീസ്. നാശനഷ്ടങ്ങൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾക്കായി ഷാർജ പൊലീസിന്‍റെ ആപ് വഴി അപേക്ഷിക്കാം. ഇതേക്കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക വിഡിയോയും ഷാർജ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.
ഇൻഷുറൻസ് കമ്പനിയുമായുള്ള ഉടമ്പടിയിൽ പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകൾ ഇല്ലാതിരുന്നതിനാൽ പൊലീസ് സ്റ്റേഷനുകളിൽനിന്ന് റിപ്പോർട്ട് ലഭിച്ചിട്ടും പലർക്കും ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കാനായി ഓൺലൈൻ സംവിധാനം പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, അഗ്നിപർവത സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കെതിരെ അധിക കവറേജ് ഉൾപ്പെടുത്തിയവർക്കാണ് ഇത്തരത്തിൽ ക്ലെയിം ചെയ്യാൻ സാധിക്കുക. ആളുകൾ അവരുടെ വാഹനങ്ങൾ ശരിയാക്കുന്നതിനുള്ള ഇൻഷുറൻസ് കരാറിൽ ഈ നിബന്ധന ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പൊലീസ് അറിയിച്ചു.
വാരാന്ത്യത്തിൽ ദുബൈയിലും ഷാർജയിലും ശക്തമായ കാറ്റ് വീശിയതിനുശേഷം തിങ്കളാഴ്ച കൂടുതൽ ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം (എൻ.സി.എ) അറിയിച്ചു.
ഫുജൈറയിലും അൽഐനിലും തിങ്കളാഴ്ച മഴ ലഭിച്ചേക്കുമെന്നും എൻ.സി.എം പ്രവചിച്ചിരുന്നു. വടക്കു-കിഴക്ക് മേഖലകളിൽ ഉച്ചയോടെ മഴയെത്തുമെന്നായിരുന്നു പ്രവചനം. കാറ്റിന്‍റെ ശക്തി കൂടാനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇത് ദൃശ്യപരത കുറക്കാൻ ഇടയാക്കുമെന്നും എൻ.സി.എം പ്രവചിച്ചിരുന്നു.
അതേസമയം, ദുബൈയിലും അബൂദബിയിലും തിങ്കളാഴ്ച കൂടുതൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ന്യൂനമർദം കിഴക്കൻ പ്രദേശങ്ങളിലൂടെ പടിഞ്ഞാറൻ മേഖലകളിലേക്ക് നീങ്ങുകയാണ്. ഇതുമൂലം ചില കിഴക്കൻ മേഖലകളിലും അൽ ഐനിലും ദക്ഷിണ ഭാഗത്തും ഇടിയും മിന്നലും ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പ്രവചനമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.