ഫുജൈറ: കോരിച്ചൊരിഞ്ഞ മഴയുടെ കെടുതികളിൽ നിന്ന് മോചിതരായി യു.എ.ഇയുടെ കിഴക്കൻ മേഖല പൂർവസ്ഥിതിയിലേക്ക്. വെള്ളിയാഴ്ചത്തെ പോലെ ശനിയാഴ്ചയും തെളിഞ്ഞ കാലാവസ്ഥയായതോടെ റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്കും വേഗതയേറി. പ്രളയം കൂടുതൽ നാശനഷ്ടം വരുത്തിയ ഫുജൈറ, ഷാർജയിലെ കൽബ എന്നിവിടങ്ങളിൽ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ട്. ദുരന്തബാധിത മേഖലകളിലെ രക്ഷാപ്രവർത്തനം തുടരുമെന്ന് കഴിഞ്ഞദിവസം പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കെട്ടിനിൽക്കുന്ന വെള്ളം നീക്കുന്നതിനും റോഡുകൾ സഞ്ചാര യോഗ്യമാക്കുന്നതിനുമാണ് നിലവിൽ ഊന്നൽ നൽകുന്നത്. ഏത് അടിയന്തര സാഹചര്യത്തിലും ജനങ്ങളെ സഹായിക്കാൻ ഒരുങ്ങിനിൽക്കുകയാണെന്ന് സുരക്ഷ സേനാവൃത്തം വെളിപ്പെടുത്തി. റോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനും ട്രാഫിക് തിരിച്ചുവിടുന്നതിനും ഫുജൈറയിൽ വിവിധ ഭാഗങ്ങളിൽ സുരക്ഷ സേനകളും സഹായിക്കുന്നുണ്ട്. മഴക്കെടുതിയിൽ മരിച്ച ഏഴുപേരുടെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടതായി ഇതുവരെ വിവരമില്ലെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പറഞ്ഞു. ഫുജൈറ, റാസൽഖൈമ, കൽബ മേഖലകളിൽനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. മരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണെന്നാണ് മന്ത്രാലയം നൽകുന്ന വിവരം. അപകടത്തിൽപെട്ടവരുടെ മറ്റു വിശദാംശങ്ങൾ ലഭ്യമാക്കിയില്ല.
മരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെടുന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിരവധി പേർക്ക് പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടു. സ്ഥാപനങ്ങളിലും വാഹനത്തിലും വെള്ളംകയറി നിരവധി പ്രവാസികൾക്ക് കനത്ത സാമ്പത്തിക നഷ്ടവും നേരിട്ടു.
മലവെള്ളപ്പാച്ചിൽ നാശം വിതച്ച ഫുജൈറ, ഖൊർഫുക്കാൻ, കൽബ മേഖലയിലെല്ലാം പ്രവാസികൾക്കും നഷ്ടം നേരിട്ടുണ്ട്. ഇവിടങ്ങളിൽ രക്ഷാപ്രവർത്തനവും പുനരധിവാസ നടപടികളും പുരോഗമിക്കുകയാണ്. വെള്ളത്തിൽ കുടുങ്ങിപ്പോയവർക്കായി ഒരുക്കിയ ക്യാമ്പുകളിൽ നിന്ന് 80 ശതമാനം പേരും താമസസ്ഥലത്തേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും മടങ്ങിയതായി അധികൃതർ അറിയിച്ചു. അടുത്തദിവസങ്ങളിൽ പ്രളയ ബാധിത മേഖല പൂർണമായും സാധാരണ നില കൈവരിക്കുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.