ഷാർജ: റമദാൻ മുന്നിൽ കണ്ട് ഷാർജയിൽ ഏഴു പുതിയ മസ്ജിദുകൾ ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്മെന്‍റ് ഓഫ് ഇസ്‌ലാമിക് അഫയേഴ്സ് ഷാർജ എമിറേറ്റ്സിലെ വ്യത്യസ്ത പ്രദേശങ്ങളിലാണ് പള്ളികൾ തുറന്നത്. ഷാർജയിൽ അൽ റംത ഏരിയയിൽ ഇസ്ലാമിക വാസ്തുവിദ്യ ശൈലിയിലാണ് അൽ-അമീൻ മസ്ജിദ് പണിതത്. ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സാരി അൽ ഷംസി, ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്മെന്‍റ് മേധാവി അബ്ദുല്ല ഖലീഫ യാറൂഫ് അൽ സബൂസി, നിരവധി ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
അൽ-സുയൂഹയിലെ അൽ റഖിബയിലെ സാദ് ബിൻ മാലിക് മസ്ജിദും ഇസ്‍ലാമിക കാര്യ വകുപ്പ് ഉദ്ഘാടനം ചെയ്തു. ഇതിൽ 450 പേർക്ക് പ്രാർഥന നിർവഹിക്കാനാകും. 55 സ്ത്രീകൾക്ക് പ്രാർഥന നിർവഹിക്കാനുള്ള ഹാളുമുണ്ട്. റഹ്മാനിയയിലെ കച്ചിഷയിൽ അബു സിനാൻ ബിൻ മുഹ്‌സിൻ മസ്ജിദാണ് തുറന്നത്. 70 സ്ത്രീകൾ ഉൾപ്പെടെ 550 പേർക്ക് പ്രാർഥന നിർവഹിക്കാം.
ഹംരിയ മേഖലയിൽ അല്ലാമ മുഹമ്മദ് ബിൻ അലി അൽ-ഷൗക്കാനിയുടെ മസ്ജിദ് തുറന്നു. 300 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് മസ്ജിദ്. 250 വിശ്വാസികളെ ഉൾക്കൊള്ളുന്ന അബു അമർ അൽ-അഷ്അരിയും ഹംരിയ മേഖലയിലാണ്. അൽ ദൈദ് നഗരത്തിലെ അൽ ഹുസ്നിൽ 550 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന അൽ-മർവ മസ്ജിദും സതേൺ അൽ ബുറിയർ ഏരിയയിലെ അബ്ദുല്ല ബിൻ വഹബ് മസ്ജിദുമാണ് ഉദ്ഘാടനം ചെയ്തത്. റമദാന് മുമ്പ് പള്ളികൾ തുറക്കാൻ എല്ലാ സഹായ സഹകരണവും നൽകിയവരെ അബ്ദുല്ല അൽ-സബൂസി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.