ഉമ്മയുടെ പ്രായം എൺപത്തഞ്ചിനോടടുക്കുന്നു. ഉമ്മയുടെ തറവാട് മച്ചിങ്ങലാണ്. തറവാട്ടിലെ വിശേഷങ്ങൾ ചോദിച്ചാൽ ഉമ്മാക്ക് ആയിരം നാവാണ്. നോമ്പ് വിശേഷങ്ങൾ ചോദിച്ചപ്പോഴും അങ്ങനെതന്നെ. മച്ചിങ്ങൽ തറവാട്ടിലെ ജനബാഹുല്യവും വെപ്പുപുരയിലെ പാചകങ്ങളും കളപ്പുരയിൽ നിരന്ന് ഇരുന്നുള്ള ഭക്ഷണം കഴിക്കലുമെല്ലാം പറഞ്ഞുകൊണ്ടാണ് ഉമ്മ സംസാരം തുടങ്ങിയത്.‘‘ഇന്ന് നാട്ടുകാരും പാർട്ടിക്കാരുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്ന സമൂഹ നോമ്പുതുറപോലെയായിരുന്നു അന്ന് തറവാട്ടിൽ എല്ലാ ദിവസവും. അത്രയേറെ കുടുംബങ്ങളുടെ വലിയൊരു കൂട്ടായ്മയായിരുന്നു മച്ചിങ്ങൽ. രണ്ട് തലമുറയിൽ പെട്ട ഏഴോ എട്ടോ കുടുംബങ്ങൾ ഒന്നിച്ചായിരുന്നു അവിടെ താമസിച്ചിരുന്നത്. ഉപ്പയുടെ (ഉമ്മയുടെ ഉപ്പ) കാലശേഷം ഉപ്പാവയായിരുന്നു ( ഉമ്മയുടെ ഉപ്പയുടെ അനുജൻ) വീട് നിയന്ത്രിച്ചിരുന്നത്. ഉപ്പാവതന്നെയായിരുന്നു എല്ലാവരെയും അത്താഴത്തിനു വിളിക്കാറ്. ഉപ്പാവ നിസ്കാരപ്പായയിൽ ഇരുന്ന് ഞങ്ങൾക്കെല്ലാവർക്കും നോമ്പിെൻറ നിയ്യത്ത് വെച്ച് തരും. ഞങ്ങളാണെങ്കിൽ ഉപ്പാക്ക് ചുറ്റും ഒരു വളയം തീർത്ത് ഇരുന്ന് ഏറ്റുചൊല്ലും. എന്നെ മാഷ് (പോറ്റാടി സിദ്ധി മാസ്റ്റർ) കല്യാണം കഴിച്ചു കൊണ്ടുവന്നതിനുശേഷം മാഷാണ് ആ ജോലി ഏറ്റെടുത്ത് നടത്തുന്നത്. മച്ചിങ്ങലെ പതിവ് രീതികൾ മാഷുടെകൂടെ ജീവിക്കുമ്പോഴും തുടർന്നു. തറവാട്ടിൽ നോമ്പ് തുറക്കാറാകുമ്പോഴേക്കും എല്ലാവരും കളപ്പുരയിലെത്തും. അന്ന് ഓരോരുത്തരും സ്ഥിരമായി ഇരിക്കാറുള്ള ഇരിപ്പിടങ്ങളിൽ സീറ്റ് ഉറപ്പിക്കും. അവിടുത്തെ കാര്യസ്ഥന്മാരും പണിക്കാരും എല്ലാം ഉണ്ടാകും.
നോമ്പ് തുറക്കുമ്പോൾ ആരെയും മാറ്റിനിർത്താറില്ല. കൈപ്പത്തിരിയും ജീരകക്കഞ്ഞിയുമാണ് നോമ്പുതുറക്ക് സ്പെഷ്യൽ. അത് നോമ്പ് മുപ്പത് വരെയും ഉണ്ടാകും. പണ്ട് നോമ്പിെൻറ അത്താഴത്തിനു വിളിച്ചുണര്‍ത്താന്‍ ഇടവഴികളിലൂടെയും പാടവരമ്പുകളിലൂടെയും അത്താഴമുട്ടുകാര്‍ കടന്നുപോയിരുന്നു. ഇവര്‍ നോമ്പുകാലത്തെ പാണന്മാരായിരുന്നു. സൂര്യനുദിക്കും മുമ്പ് അത്താഴം കഴിക്കാന്‍ ആളുകളെ വിളിച്ചുണര്‍ത്തിയിരുന്നത് ഇവരുടെ താളവും പാട്ടുമായിരുന്നു. അർധരാത്രിക്കു ശേഷം ഒരുമണിയോടുകൂടി വെളിയങ്കോട് അങ്ങാടി പള്ളിപ്പരിസരത്തുനിന്ന് ആരംഭിക്കുന്ന അത്താഴമുട്ടുകാരുടെ യാത്ര മൂന്നുമൂന്നരവരെ നീളും. ഇതിനിടയില്‍ കുമ്മിലവളപ്പ്, അയ്യോട്ടിച്ചിറ, പുതിയിരുത്തി, പാലപ്പെട്ടി, തണ്ണിത്തുറ, തട്ടുപറമ്പ് തുടങ്ങിയ പ്രദേശങ്ങള്‍ ഇവര്‍ വലയം വെക്കുമായിരുന്നു.
മഴയായാലും മഞ്ഞായാലും ഇവരുടെ വരവിന് ഒരു തടസ്സവുമുണ്ടാകാറില്ല. പലപ്പോഴും ഇവരുടെ വരവോടുകൂടിയാണ് ഞങ്ങള്‍ അത്താഴം കഴിക്കാന്‍ ഉണരാറ്. ഒരു പ്രതിഫലേച്ഛയും കൂടാതെയാണ് ഒരു ദിവസം പോലും മുടങ്ങാതെ ഇവർ ദൗത്യം നിർവഹിക്കുന്നത്.
എങ്കിലും നോമ്പിെൻറ അവസാന നാളുകളില്‍ നാട്ടുകാര്‍ അറിഞ്ഞുകൊണ്ട് നല്കുന്ന നാണയത്തുട്ടുകളാണ് അവരുടെ ഏക പ്രതിഫലം. അത്താഴ സമയം അറിയിച്ചുകൊണ്ട് വീടിെൻറ മുന്നിലൂടെ അത്താഴമുട്ടുകാര്‍ കടന്നുപോയിരുന്നത് അന്നൊരു കൗതുകമായിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് നോമ്പുനോൽക്കുക എന്നത് വലിയൊരു ഹരമായിരുന്നു. മറ്റൊന്നുകൊണ്ടുമല്ല, വിഭവ സമൃദ്ധമായ അത്താഴംതന്നെയായിരുന്നു ലക്ഷ്യം. എല്ലാ അത്താഴത്തിനും ഭക്ഷണത്തിനുശേഷം കഴിക്കുന്നതിനായി പഴുത്ത പഴവും തേങ്ങയും നെയ്യും ശർക്കരയും വെള്ളവും മറ്റെന്തെല്ലാമോ ചേര്‍ത്ത് ചക്കരപ്പാൽ ഉമ്മ ഉണ്ടാക്കുമായിരുന്നു. അന്ന് ഇതിെൻറ പേരൊന്നും ഞങ്ങൾക്കറിയില്ല.അത്താഴത്തിനു മാത്രമേ അത് ലഭിക്കാറുള്ളൂ എന്നറിയാം. അല്ലാത്ത ഒരു സമയത്തും ഇങ്ങനെയൊരു മധുരപാനീയം കിട്ടാറില്ല. ചെറിയ കുട്ടികളായതുകൊണ്ട് നോമ്പ് നോറ്റാല്‍ ക്ഷീണിക്കുമെന്ന് കരുതുന്നതുകൊണ്ടായിരിക്കാം ഉപ്പാവ ചെറുപ്പത്തിൽ ഞങ്ങളെ അത്താഴത്തിനു വിളിക്കാറില്ലായിരുന്നു. ഉറക്കിെൻറ മൂർധന്യതയില് അത്താഴമുട്ടുകാരുടെ മുട്ട് കേട്ടാലോ, അതല്ല അടുക്കളയില്‍നിന്നുള്ള പാത്രങ്ങളുടെ നേരിയ ശബ്ദം കേട്ടാലോ ഞങ്ങള്‍ ഞെട്ടിയുണര്‍ന്ന് അടുക്കളിയിലേക്കൊരു ഓട്ടമാണ്.’’
ഇന്ത്യന്‍ സ്വാത്രന്ത്ര്യ സമരത്തിെൻറ ഭാഗമായി ബ്രിട്ടീഷുകാരോട് സന്ധിയില്ലാ സമരത്തിലേര്‍പ്പെട്ട വെളിയങ്കോട് ഒമര്‍ ഖാസി (റ) അന്ത്യവിശ്രമം കൊള്ളുന്ന വെളിയങ്കോട് ചെറിയ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയോട് ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമാണ് പാലപ്പെട്ടി. വലിയ തയാറെടുപ്പോടുകൂടിയാണ് റമദാന് മാസത്തെ ഇവിടങ്ങളില്‍ എതിരേല്ക്കുന്നത്. ‘‘ശഅബാന്‍ ആദ്യം മുതല്‍തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കും. വീടും പള്ളികളും പരിസരപ്രദേശങ്ങളും കഴുകിയും തുടച്ചും വൃത്തിയാക്കും. റമദാെൻറ മുന്നൊരുക്കമെന്ന നിലയില്‍ മതപ്രസംഗ പരമ്പരയുമുണ്ടാകും.’’ -ഉമ്മ പറഞ്ഞു. ഇന്നത്തെ പോലെ മാസം ഉറപ്പിക്കുന്നതിന് ഒരുവിധ ഏകീകരണവുമില്ലാതിരുന്ന കഴിഞ്ഞ നൂറ്റാണ്ടിെൻറ ആദ്യ പകുതിയില്‍ മലബാറിലും കൊച്ചി രാജ്യത്തിലും പുകള്‍പെറ്റ തറവാടായിരുന്നു സയ്യിദ് ഹൈദ്രോസ് ഖബീലയുടെ ആസ്ഥാനമായ പൊന്നാനി വലിയ ജാറം. ചന്ദ്രപ്പിറവി ആദ്യം കാണുന്നവര്‍ ഇവിടത്തെ ഖാന് സാഹിബ് ആറ്റക്കോയ തങ്ങളുടെ സന്നിധാനത്തിലെത്തി വിവരം ബോധിപ്പിക്കും. അംഗശുദ്ധി വരുത്തി മാസപ്പിറ കണ്ട വിവരം സത്യം ചെയ്ത് പറഞ്ഞാല്‍ മാത്രമേ മാസം ഉറപ്പിക്കുകയുള്ളൂ.
കണ്ടയാള്‍ക്ക് വെള്ളി ഉറുപ്പികയും പുതിയ കോടിമുണ്ടും നല്‍കും. തുടര്‍ന്ന് ഏഴ് കതിന വെടികള്‍ മുഴങ്ങും. ഇതായിരുന്നു മാസമുറപ്പിച്ചതിെൻറ അടയാളം. ഈ ഒരു പാരമ്പര്യം ഇന്നും പൊന്നാനിയിലും പൊന്നാനിയുടെ പരിസരപ്രദേശങ്ങളിലും നിലനിര്‍ത്തിപ്പോരുന്നുണ്ട്. അതിെൻറ ഭാഗംതന്നെയാണ്, ‘മാസം കണ്ട വിവരം പൊന്നാനി വലിയ ഖാദി അംഗീകരിച്ച് നാളെ പാലപ്പെട്ടിയിൽ നോമ്പാകുന്നു’ എന്ന അറിയിപ്പ് ഇന്നും പാലപ്പെട്ടിയിൽ മുഴങ്ങിക്കേള്‍ക്കുന്നത്.
ഓർത്തെടുത്തത്: മച്ചിങ്ങൽ ആമിന
കേട്ടെഴുതിയത്: സഫറുള്ള പാലപ്പെട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.